രൂപരേഖ തയ്യാറാക്കൽ അന്തിമ ഘട്ടത്തിൽ
കൊല്ലം: കോഴിക്കോട് ബീച്ചിന്റെ മാതൃകയിൽ കൊല്ലം ബീച്ച് വികസിപ്പിക്കാൻ തീരദേശ വികസന കോർപ്പറേഷൻ തയ്യാറാക്കുന്ന രൂപരേഖ അന്തിമ ഘട്ടത്തിൽ. ഒരുമാസത്തിനുള്ളിൽ മന്ത്രി കെ.എൻ. ബാലഗോപാലുമായി ചർച്ച നടത്തി നിർമ്മാണ നടപടികളിലേക്ക് കടക്കും.
ബീച്ചിന്റെ നീളം ഇരുവശങ്ങളിലും വർദ്ധിപ്പിക്കും. ബീച്ചിനെയും തൊട്ടുമുന്നിലുള്ള റോഡിനെയും വേർതിരിച്ച് അധികം ഉയരമില്ലാത്ത ഭിത്തി നിർമ്മിക്കും. ഭിത്തികൾ മനോഹരമായ ചിത്രങ്ങൾ കൊണ്ട് നിറയ്ക്കും. ഭിത്തിയോട് ചേർന്ന് ബീച്ചിൽ നടപ്പാതയും നിർമ്മിക്കും. നിലവിൽ കൊല്ലം ബീച്ചിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ മണൽപ്പരപ്പ് മാത്രമാണ് ആശ്രയം. ഈ സ്ഥിതിക്ക് പരിഹാരമായി നടപ്പാതയോട് ചേർന്ന് ഇരിപ്പിടങ്ങൾ സ്ഥാപിക്കും. പാർശ്വഭിത്തിൾക്കിടയിൽ ബീച്ചിലേക്ക് പ്രവേശിക്കാൻ കമാനങ്ങൾ, ശില്പങ്ങൾ, സെൽഫി പോയിന്റ്, ആകർഷകമായ പ്രകാശസംവിധാനം തുടങ്ങിയവയും ആലോചനയിലുണ്ട്.
നിലവിലെ ഓപ്പൺ എയർ ഓഡിറ്റോറിയം നവീകരിക്കും. ഇതിന് പുറമേ മണൽപ്പരപ്പിൽ വോളിബോൾ അടക്കമുള്ള വിനോദങ്ങൾക്ക് കോർട്ട് സജ്ജമാക്കാനും ആലോചനയുണ്ട്. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ കൊല്ലം ബീച്ച് വികസനത്തിനായി നീക്കിവച്ചിരുന്നു.
....................................................
കടലാസിലുറങ്ങി സുസ്ഥിര വികസന പദ്ധതി
തിരയുടെ ശക്തി കുറച്ച് സുരക്ഷിതമാക്കുന്നതിനൊപ്പം വാട്ടർ സ്പോർട്സ് അടക്കമുള്ള വിനോദങ്ങൾക്ക് സാദ്ധ്യത സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ തീരദേശ വികസന കോർപ്പറേഷൻ കൊല്ലം ബീച്ചിനായി തയ്യാറാക്കിയ സുസ്ഥിര വികസന പദ്ധതി ഇപ്പോഴും കടലാസിലാണ്. തീരത്ത് നിന്ന് നിശ്ചിത ദൂരത്തിൽ ജിയോ ട്യൂബ്, ചെറിയ പുലിമുട്ടുകൾ സ്ഥാപിക്കൽ എന്നിവയാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങൾ. തീരത്തിന് സമാന്തരമായി സ്ഥാപിക്കുന്ന, മണൽ നിറച്ച ജിയോ ട്യൂബുകളിൽ തട്ടി തിരയുടെ ശക്തി കുറയുന്നതോടെ തീരം അപകടരഹിതമാകും.
............................................
ബഡ്ജറ്റിൽ 10 കോടി
രൂപരേഖ അന്തിമഘട്ടത്തിൽ
സഞ്ചാരികളെ ആകർഷിക്കാൻ സൗന്ദര്യവത്കരണം
കക്കൂസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ
.......................................................