zebraline
കരിക്കോട് പഴയ ബസ് സ്റ്റാന്റിന് മുന്നിലെ റോഡിൽ സീബ്രാലൈൻ മാഞ്ഞ നിലയിൽ

കൊല്ലം- തിരുമംഗലം ദേശീയപാതയിൽ സീബ്ര ലൈനി​ല്ല

കൊല്ലം: തി​രക്കേറേയുള്ള കൊല്ലം- തിരുമംഗലം ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളിൽ സീബ്ര ലൈനുകൾ ഇല്ലാത്തത് കാൽനട യാത്രി​കർക്ക് ദുരിതമാകുന്നു. ചീറി​പ്പാഞ്ഞു വരുന്ന വാഹനങ്ങൾക്കു മുന്നി​ലൂടെ ജീവനും കൈയി​ൽ പി​ടി​ച്ച് റോഡ് മറി​കടക്കേണ്ട അവസ്ഥയാണ്.

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണ് ഈ റോഡ്. കരിക്കോട്, ചന്ദത്തോപ്പ്, പഴയ ബസ് സ്റ്റാൻഡ്, സാരഥി ജംഗ്ഷൻ, ചന്ദനത്തോപ്പ്, കേരളപുരം, ഇളമ്പള്ളൂർ എന്നീ ജംഗ്ഷനുകളിലൊന്നും സീബ്രാലൈൻ പേരിന് പോലുമി​ല്ല. മാഞ്ഞുപോയ ലൈനുകൾക്ക് പകരം വരയ്ക്കാൻ അധി​കൃതർ തയ്യാറാകുന്നി​ല്ല. ഈ ജംഗ്ഷനുകളി​ൽ റോഡ് മറി​കടക്കുമ്പോൾ വാഹനമി​ടി​ച്ച് ചെറുതും വലുതുമായ പരി​ക്കേൽക്കുവർ ഏറെയാണ്.

കരിക്കോട് ജംഗ്ഷനിലും കരിക്കോട് പഴയ ബസ് സ്റ്റാൻഡി​നു മുന്നിലും സീബ്രാലൈനുകൾ ഇല്ലാത്തത് വിദ്യാർത്ഥികളെയും വൃദ്ധരെയും ജോലിക്ക് പോകുന്നവരെയുമൊക്കെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. രണ്ട് സ്‌കൂളുകളും രണ്ട് കോളേജുകളുമുള്ള പ്രദേശത്തു നി​ന്ന് നൂറുകണക്കി​ന് വി​ദ്യാർത്ഥി​കളാണ് രാവി​ലെയും വൈകി​ട്ടും കരിക്കോട് ജംഗ്ഷനിലെത്തുന്നത്. ഏറെ നേരം കാത്ത് നിന്നാൽ മാത്രമേ അപ്പുറമെത്താൻ കഴി​യുകയുള്ളൂ എന്ന് വി​ദ്യാർത്ഥി​കൾ പറയുന്നു.

രാവിലെയും വൈകിട്ടും കൊല്ലം തിരുമംഗലം ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളിൽ വാഹനങ്ങളുടെ തിരക്കാണ്. ഈ തിരക്കിനിടയിലൂടെ ഏറെ കഷ്ടപ്പെട്ടാണ് കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്. വേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് മുന്നിൽ കാൽനടയാത്രക്കാർ പെട്ടുപോകുന്നത് പതിവ് കാഴ്ചയാണ്. റോഡ് മുറിച്ച് കടക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽപോലും ഡ്രൈവർമാരുടെ കനിവിനായി കാത്തുനിൽക്കേണ്ട സ്ഥിതിയുമുണ്ട്.

രാത്രി യാത്രയിൽ വാഹന അപകടങ്ങൾ ഒഴിവാക്കാനായി റോഡിന്റെ ഇരുവശങ്ങളിലും റിഫ്‌ളക്ടറുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇതും തകർന്ന നിലയിലാണ്. എത്രയും വേഗം പ്രധാന ജംഗ്ഷനുകളിലെ റോഡുകളിൽ സീബ്രാലൈനുകൾ വരച്ച് ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പിഴ 500 മുതൽ

സീബ്ര ലൈനിലേക്ക് യാത്രക്കാർ പ്രവേശി​ച്ചാൽ, വാഹനങ്ങൾ നി​റുത്തി​ക്കൊടുക്കണമെന്നാണ് മോട്ടോർ വാഹന നിയമം. ലംഘിച്ചാൽ 500 മുതൽ 1000 രൂപ വരെ ഡ്രൈവർമാർക്കെതിരെ പിഴ ചുമത്താം.

ആദ്യ സീബ്ര ബ്രി​ട്ടനി​ൽ

പുതിയതും നിലവിലുള്ളതുമായ ക്രോസിംഗ് പോയിന്റുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാനായി​ 1951-ൽ ബ്രി​ട്ടനി​ലെ സ്ലോയിൽ ലോകത്തിലെ ആദ്യത്തെ സീബ്രാ ക്രോസിംഗ് സ്ഥാപിച്ചു. അന്നുമുതലാണ്, കാൽനട ക്രോസിംഗുകളെ സൂചിപ്പിക്കാൻ സീബ്രാ അടയാളപ്പെടുത്തലുകൾ അന്താരാഷ്ട്രതലത്തിൽ ഉപയോഗിക്കാൻ തുടങ്ങി​യത്. സീബ്ര വരകൾക്ക് 40 മുതൽ 60 സെ.മീറ്റർ വരെ വീതിയുണ്ടാവും. വിവിധ രാജ്യങ്ങളിലെ സീബ്രാ വരകളുടെ ഘടനയിലും നിറത്തിലും ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ട്.