ഒരു ഇലയ്ക്ക് 5 രൂപ
കൊല്ലം: വാഴയിലയ്ക്ക് ഡിമാൻഡേറുന്നത് ഓണക്കാലത്താണ്. വാഴയിലയിൽ അല്ലാതെ ഓണസദ്യ മലയാളിക്ക് സങ്കല്പിക്കാനാവില്ല. വീട്ടിൽ വാഴയില്ലാത്തവർക്ക് ആശ്വാസമേകാൻ വിപണിയിലെ ഓണ വിഭവങ്ങളിൽ വാഴയിലയും സ്ഥാനം പിടിച്ചിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ വർഷത്തെ അത്ര വിൽപ്പനയില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. വിവാഹാവശ്യങ്ങൾക്കാണ് ഇത്തവണ കൂടുതലായി ഇലകൾ വിറ്രുപോയത്. ഓണാഘോഷത്തിന്റെ ഭാഗമായി ഇല അന്വേഷിച്ച് വരുന്നവരുടെ എണ്ണം തീരെ കുറവാണെന്നാണ് ഇവർ പറയുന്നത്. ആഘോഷങ്ങൾ പരിമിതിപ്പെടുത്തിയതാണ് വിപണിക്ക് തിരിച്ചടിയായത്. സ്കൂളുകളിലേക്കും കോളേജുകളിലേക്കും ക്ലബുക, അസോസിയേഷനുകൾ എന്നിവിടങ്ങളിലേക്കും ഓണസദ്യയ്ക്കുള്ള വാഴയില ബുക്കിംഗ് തീരെ കുറഞ്ഞു. മറ്റ് മാസങ്ങളെ അപേക്ഷിച്ച് ചിങ്ങത്തിലാണ് വാഴയില വിപണി കൂടുതൽ ഉഷാറാകുന്നത്. ഓഫ് സീസണിൽ ക്ഷേത്രങ്ങളിലേക്കാണ് കൂടുതലായും ആവശ്യമായി വരുന്നത്.
നാടനൊപ്പം വരത്തനും
നാടൻ വാഴയിലയ്ക്ക് ക്ഷാമം ഉള്ളതിനാൽ തമിഴ്നാട്ടിലെ തൂത്തുക്കുടി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് വാഴയില എത്തുന്നത്. ചിങ്ങം മുന്നിൽക്കണ്ട് ഇലയ്‌ക്ക് വേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കർഷകർ തമിഴ്‌നാട്ടിലുണ്ട്. കിഴക്കൻ മേഖലയിൽ നിന്ന് എത്തുന്ന ഇലകൾ ഇത്തവണ കുറഞ്ഞു. ഇടയ്ക്കിടെ ഉള്ള മൺസൂൺ പെയ്ത്തും കാറ്റും ഏക്കറുകണക്കിന് വാഴക്കൃഷിയെ ബാധിച്ചതാണ് കുറവിന് കാരണം. ആലപ്പുഴയിൽ നിന്ന് ജില്ലയിലേക്ക് നാടൻ വാഴയിലകൾ എത്തിക്കാറുണ്ട്. നൂറ് ഇലകളുള്ള ഒരു കെട്ടിന് 500 രൂപയും 250 ഇലകളുള്ള വലിയകെട്ടിന് 1250 രൂപയുമാണ് നിലവിലെ വില. തമിഴ്നാടൻ ഇലകൾക്ക് ഇനത്തിനനുസരിച്ചാണ് വില. നാടൻ ഇലയ്ക്കും വരവ് ഇലയ്ക്കും 5 രൂപയാണ് ഒന്നിന്റെ വില.
ഈ സമയത്ത് കച്ചവടം കൂടുതലായി നടക്കേണ്ടതാണ്. എന്നാൽ സീസൺ എത്തിയിട്ടും കാര്യമായി ഒന്നും നടന്നിട്ടില്ല
കുഞ്ഞുമോൻ, വാഴയില വ്യാപാരി