കൊല്ലം: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റ്, സ്റ്റൈപ്പന്റ് കുടിശ്ശിക മാർച്ചിനുള്ളിൽ കൊടുത്തു തീർക്കുമെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. പട്ടികജാതി-പട്ടികവർഗവിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗക്കാർക്കുമുള്ള ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികളുടെ ജില്ലാതല അവലോകനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022-23, 2023 -24 വർഷത്തെ കുടിശ്ശിക 90 ശതമാനം പേർക്ക് ലഭ്യമാക്കിയിട്ടുണ്ട്. അവശേഷിക്കുന്ന കുട്ടികൾക്ക് ഇവ ലഭ്യമാക്കാൻ ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതോടെ രണ്ടു വർഷത്തെ കുടിശ്ശിക പൂർണമായും തീരും. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിലുള്ള എല്ലാവർക്കും വീട് ഉറപ്പാക്കും. ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്കുള്ള പദ്ധതികളിലെ പ്രായോഗിക പോരായ്മകൾ കണ്ടെത്തി പരിഹരിക്കും. ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശനം നടത്തി പ്രശ്നങ്ങൾ മനസിലാക്കി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി.