കരുനാഗപ്പള്ളി: ഓണം അടുത്തതോടെ കരുനാഗപ്പള്ളി ടൗൺ ചീഞ്ഞു നാറുന്നു. നാട്ടുകാരും കാൽനട യാത്രക്കാരും ദുർഗന്ധത്താൽ ബുദ്ധിമുട്ടുകയാണ്. കരുനാഗപ്പള്ളി ടൗണിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഓടയിലേക്ക് തള്ളി വിടുന്ന മനുഷ്യ വിസർജ്ജ്യമാണ്പ്രദേശ വാസികൾക്ക് വിനയാകുന്നത്. രാത്രിയുടെ മറവിൽ വ്യാപര സ്ഥാപനങ്ങളിൽ നിന്നുള്ള മനുഷ്യ വിസർജ്ജ്യങ്ങൾ ഓടയിലേക്ക് പമ്പ് ചെയ്യുകയാണ്.പതിവ്. ഇതെല്ലാം കൂടി ഒഴുകി റോഡിൽ തളം കെട്ടി നിൽക്കുകയാണ്.
നഗരസഭയുടെ അനാസ്ഥ
പുതിയ ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഓടയുടെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. ഓടയിലേക്ക് പമ്പ് ചെയ്യുന്ന മാലിന്യങ്ങൾ ഒഴുകി പോകാതെ ഓടയിൽ തന്നെ കെട്ടി നിൽക്കുകയാണ്. കരുനാഗപ്പള്ളി നഗരസഭ ഇക്കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കരുനാഗപ്പള്ളി ടൗണിൽ പ്രവർത്തിക്കുന്ന വൻകിട വ്യാപാര സ്ഥാപനങ്ങളിൽ 500 ൽ അധികം ജീവനക്കാരുണ്ട്. ഓണക്കച്ചവടം തിരക്കേറിയതോടെ കടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ മണിക്കൂറോളം കടകളിൽ കാത്ത് നിൽക്കേണ്ടി വരുന്നു. സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടാതെ പുറത്ത് നിന്നും എത്തുന്നവരും പ്രാഥമിക ആവശ്യങ്ങൾക്കായി സ്ഥാപനത്തിലെ ടൊയ് ലെറ്റുകളാണ് ഉപയോഗിക്കുന്നത്. രാത്രി ആകുന്നതോടെ മാലിന്യങ്ങൾ എല്ലാം ഓടയിലേക്ക് പമ്പ് ചെയ്യും.
ശുചീകരണ തൊഴിലാളികൾക്ക് ദുരിതം
നഗരസഭാ അധികൃതർ ദേശീയപാതയിൽ നിർമ്മിച്ചിരിക്കുന്ന ഓടകളുടെ മൂടി മാറ്റി നോക്കിയാൽ സ്ഥാപനങ്ങളുടെ മാലിന്യം എത്തുന്ന പൈപ്പുകൾ ഓടയിലേക്ക് തുറന്ന് വെച്ചിരിക്കുന്നതായി കാണാം. എന്നാൽ ഇത്തരത്തിലുള്ള പരിശോധനകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്താറില്ല. ടൗണിൽ മനുഷ്യ വിസർജ്ജ്യങ്ങൾ വന്നടിയുമ്പോൾ നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നതിനായി ബ്ലീച്ചിംഗ് പൗഡർ വിതറുകയാണ് ചെയ്യുന്നത്. നഗരസഭയിലെ ശുചീകരണ തൊഴിലാളികളാണ് ഇതെല്ലാം വൃത്തിയാക്കേണ്ടത്. സ്ഥാപന ഉടമകൾക്ക് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാൽ ഉദ്യോഗസ്ഥർക്ക് കർശന പരിശോധന നടത്താൻ തടസവുമുണ്ട്.