കൊട്ടാരക്കര: കൊട്ടാരക്കര മീൻപിടിപ്പാറയുടെ സൗന്ദര്യക്കാഴ്ചകൾക്ക് കൂടുതൽ ഉണർവുണ്ടാകും. മന്ത്രി കെ.എൻ.ബാലഗോപാൽ മീൻപിടിപ്പാറ സന്ദർശിച്ചു. ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള ടൂറിസം കേന്ദ്രമാണ് കൊട്ടാരക്കര മീൻപിടിപ്പാറ. എം.സി റോഡും കൊല്ലംതിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന കൊട്ടാരക്കര പട്ടണത്തിലെ ഏക ടൂറിസം പദ്ധതിയുമാണ്. എസ്.ജി കോളേജിന്റെ പിന്നിലായി പ്രകൃതിയൊരുക്കിയ സുന്ദരക്കാഴ്ചകളും ചെറു വെള്ളച്ചാട്ടവുമൊക്കെ ഉൾപ്പെടുത്തിയാണ് ടൂറിസം പദ്ധതി തയ്യാറാക്കിയത്. എന്നാൽ കാലാനുസൃതമായ വികസനം ഇവിടേക്ക് എത്തിക്കാൻ അധികൃതർ തയ്യാറായില്ല. അതിന് പരിഹാരം ഉണ്ടാക്കുന്നതിനായാണ് മന്ത്രി നേരിട്ട് പദ്ധതിപ്രദേശം സന്ദർശിച്ചത്.
ടൂറിസം സർക്യൂട്ടിന്റെ ഭാഗമാകും
സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി മീൻപിടിപ്പാറ ഉടൻ മാറും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.
ഓണത്തിന് കൂടുതൽ ആളെത്തും
പ്രവേശനത്തിന് 20 രൂപ
മീൻപിടിപ്പാറയിൽ നിന്നാണ് പുലമൺ തോട് തുടങ്ങുന്നത്.
ഓണക്കാലത്ത് മീൻപിടിപ്പാറ കാഴ്ചക്കാർക്ക് ഇഷ്ട ഇടം
ചൂണ്ടയിൽ കൊരുത്ത വലിയ മത്സ്യ ശില്പമാണ് മുഖ്യ ആകർഷണം.
ചുറ്റും പാറക്കെട്ടുകളും വെള്ളവും
താഴേക്ക് വെള്ളം തട്ടിച്ചിതറിയൊഴുകുന്നു.
തൂക്കുപാലവും കളിക്കോപ്പുകളും ചെടികളും കാത്തിരിപ്പ് കേന്ദ്രങ്ങളും ഊഞ്ഞാലുകളും ശില്പങ്ങളും
ലഘുഭക്ഷണത്തിനടക്കം സംവിധാനങ്ങൾ വേറെയുണ്ട്.
ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും. മീൻപിടിപ്പാറയ്ക്ക് ആവശ്യമായ പുതിയ പദ്ധതികളും നടപ്പാക്കും. കൂടുതൽ വികസനമെത്തിച്ച് ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കുന്നതിനാൽ കൂടുതൽ സഞ്ചാരികളുമെത്തും..
കെ.എൻ.ബാലഗോപാൽ, മന്ത്രി