കൊല്ലം: ഓണമാഘോഷിക്കാൻ ജനം വിപണികളിലേക്ക് ഇറങ്ങിയതോടെ, നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കാവനാട് മേവറം പാതയിൽ പള്ളിമുക്കിലും റെയിൽവേ സ്റ്റേഷൻ മുതൽ കളക്ടറേറ്റ് വരെയും എല്ലായ്പോഴും വാഹനങ്ങളുടെ നീണ്ടനിരയാണ്. ബീച്ച് റോഡ്, മെയിൻ റോഡ് അടക്കമുള്ള പ്രധാന റോഡുകളിലും വാഹനങ്ങൾ തുടർച്ചയായി കുരുക്കിൽപ്പെടുകയാണ്.
നഗരത്തിലെ വൻകിട സ്ഥാപനങ്ങൾക്ക് മാത്രമാണ് കാര്യമായ പാർക്കിംഗ് സൗകര്യമുള്ളത്. ചെറിയ സ്ഥാപനങ്ങളിൽ എത്തുന്ന ഉപഭോക്താക്കളെല്ലാം റോഡരികിലാണ് വാഹനം പാർക്ക് ചെയ്യുന്നത്. വലിയ സ്ഥാപനങ്ങളിലെ പാർക്കിംഗ് കേന്ദ്രങ്ങൾക്ക് ഓണക്കാലത്ത് എത്തുന്ന വാഹനങ്ങളെ ഉൾക്കൊള്ളാനാകാത്ത അവസ്ഥയുമുണ്ട്. ഓണം പ്രമാണിച്ച് നിലവിൽ നാല് പുതിയ പാർക്കിംഗ് കേന്ദ്രങ്ങൾ മാത്രമാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. കോർപ്പറേഷനും പൊലീസും ഇടപെട്ട് പൊതു പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകും. ജീവനക്കാർക്കും തൊഴിലാളികൾക്കും ഫെസ്റ്റിവൽ അലവൻസും ബോണസും ലഭിക്കുന്നതോടെ നഗരത്തിലെ വിപണിയിലേക്ക് എത്തുന്നവരുടെ എണ്ണം കുതിച്ചുയരും. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് ഓണക്കച്ചവടത്തിന് തിരിച്ചടിയാകാനും സാദ്ധ്യതയുണ്ട്.
നിലവിലെ താത്കാലിക പാർക്കിംഗ് കേന്ദ്രങ്ങൾ
സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്
ജില്ലാ ആശുപത്രിക്ക് സമീപം തണൽ കേന്ദ്രം
മെയിൻ റോഡിലെ ഒഴിഞ്ഞ ഭൂമി
ബീച്ച് റോഡിലെ ഒഴിഞ്ഞ ഭൂമി
ആർ.ഒ.ബി തുറന്നത് ആശ്വാസം
റീ ടാറിംഗ് പൂർത്തിയാക്കി കമ്മിഷണർ ഓഫീസ് ആർ.ഒ.ബി ഇന്നലെ രാവിലെ ഗതാഗതത്തിന് തുറന്ന് നൽകിയത് നഗരത്തിലെ ഗതാഗത കുരുക്കിന് നേരിയ ആശ്വാസം നൽകിയിട്ടുണ്ട്.