കൊല്ലം: കയർ തൊഴിലാളികളുടെ കൂലിയിൽ കുടിശ്ശികയായ, ആറ് മാസത്തെ സർക്കാർ വിഹിതം ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്ന് കയർ ലേബർ യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കേരളത്തിലേക്ക് വിദേശനാണ്യം എത്തിക്കുന്നതിൽ കയർ മേഖലയ്ക്ക് നിർണായക പങ്കുണ്ട്. എന്നിട്ടും അവഗണിക്കുന്നത് നീതീകരിക്കാനാകില്ല. ഓണത്തിന് മുൻപ് കുടിശ്ശിക നൽകിയില്ലെങ്കിൽ തിരുവോണ നാളിൽ കയർവകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് പട്ടിണി ജാഥ നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പരവൂർ രമണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഇരവിപുരം സജീവൻ അദ്ധ്യക്ഷത വഹിച്ചു. പരവൂർ മോഹൻദാസ്, പടിപ്പുര വിജയൻ, മങ്ങാട് ഹെൻട്രി, കുരീപ്പുഴ വിജയൻ, കടവൂർ ശശി, നെല്ലേറ്റിൽ ബാബു, വാളത്തുംഗൽ ത്യാഗരാജൻ തുടങ്ങിയവർ സംസാരിച്ചു.