kudumbasree
ആശ്രാമം മൈതാനത്ത് നടക്കുന്ന സമൃദ്ധിമേളയിലെ കുടുംബശ്രീ ഫുഡ് കോർട്ട്


കൊല്ലം: പൊന്നോണപ്പകലുകൾക്ക് ദി​വസങ്ങൾ മാത്രം ബാക്കി​ നി​ൽക്കെ, കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വി​പണി​യി​ൽ പ്രി​യമേറുന്നു. കുടുംബശ്രീയുടെ 11 ബ്രാൻഡഡ് ഇനങ്ങളി​ൽ 9 എണ്ണമാണ് ജി​ല്ലയി​ലെ വി​പണന മേളകളി​ൽ എത്തി​ച്ചി​രി​ക്കുന്നത്. ആശ്രാമത്ത് ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സമൃദ്ധി മേളയിൽ കുടുംബശ്രീ ഉത്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കളുടെ നീണ്ട നിരയാണ്. ആശ്രാമത്തെ കുടുംബശ്രീ ബ്രാൻഡംഗ് കൗണ്ടറിൽ
മൂന്ന് ദിവസത്തിനി​ടെ 25,000 രൂപയുടെ കച്ചവടം നടന്നു.

ഓണക്കാലത്ത് ജനങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വിലക്കുറവിലും മായമില്ലാതെയും തനത് രുചിയിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ബ്രാൻഡുകൾ വില്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. ഓണത്തിന്റെ ട്രേഡ് മാർക്ക് വിഭവങ്ങളായ ചിപ്സിനും ശർക്കരവരട്ടിക്കും പുറമേ കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, ഫിഷ് മസാല, പുട്ടുപൊടി എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. ചിപ്സ്, ശർക്കരവരട്ടി, കാശ്മീരിച്ചില്ലി എന്നിവയാണ് വിറ്റുപോയവയിൽ അധികവും.

ജില്ലയിലെ 16 യൂണിറ്റുകളെയാണ് ബ്രാൻഡഡ് ഉത്പന്നങ്ങൾ തയ്യാറാക്കാനായി ചുമതലപ്പെടുത്തിയത്. കുടുംബ്രശീ ഫ്രഷ് ബൈറ്റ്‌സ് എന്ന പേരിൽ ആകർഷകമായ പായ്ക്കിംഗിലാണ് ചിപ്സും ശർക്കരവരട്ടിയും വിപണിയിലെത്തിച്ചത്. ബ്രാൻഡിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ചുമതല കുടുംബശ്രീ ഫുഡ് പ്രോസസിംഗ്, കൊല്ലം എന്ന പേരിൽ പ്രവർത്തിക്കുന്ന കൺസോർഷ്യത്തിനാണ്. ജില്ലയിലെ 19 കറിപൗഡർ സംരംഭക യൂണിറ്റും 14 ചിപ്‌സ്, ശർക്കരവരട്ടി യൂണിറ്റുമാണ് കൺസോർഷ്യത്തിലുള്ളത്. ധാന്യങ്ങൾ വൃത്തിയായി കഴുകി നന്നായി ഉണക്കിപ്പൊടിച്ച് ഗുണമേന്മ ഉൾപ്പെടെ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഉത്പന്നങ്ങൾ പായ്ക്കറ്റിൽ നിറയ്ക്കുന്നത്. വെള്ളിയാഴ്ച വരെ സമൃദ്ധി സ്റ്റാളിൽ നിന്ന് ഒൻപത് ഇനങ്ങളും വാങ്ങാനാകും.


ഹി​റ്റാണ് ഓണക്കിറ്റ്


കുടുംബശ്രീ ബ്രാൻഡി​ൽ പുറത്തിറങ്ങിയ ഒൻപത് ഉത്പന്നങ്ങളും ഓഫറിൽ വാങ്ങാനായി ഓണക്കിറ്റും പുറത്തിറക്കിയിട്ടുണ്ട്. ഒൻപത് ഇനങ്ങളടങ്ങിയ കിറ്റിന് 525 രൂപയാണ്. 500ഗ്രാം പുട്ട്‌പൊടി, 250 ഗ്രാം കാശ്മീരി മുളക് പൊടി, 100 ഗ്രാം ചിപ്സ്, ശർക്കരവരട്ടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, ഫിഷ് മസാല എന്നിവയാണ് കിറ്റിലുള്ളത്.


കുടുംബശ്രീ ഫുഡ് കോർട്ട്


കുടുംബശ്രീ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് പുറമേ ശ്രദ്ധ നേടുന്നത് ആശ്രാമം മൈതാനത്തെ സമൃദ്ധി മേളയിലെ ഫുഡ് കോർട്ടാണ്. നിത്യവും ആയിരത്തിലേറെ ആളുകളാണ് രുചികരവും വ്യത്യസ്തവുമായ കുടുംബശ്രീ വിഭവങ്ങൾ രുചിക്കാനെത്തുന്നത്. തനി നാടൻ വിഭവങ്ങൾ മുതൽ വി​വി​ധ ജില്ലകളിലെ വിഭവങ്ങളും അടുത്തറിയാനും സാധിക്കും. പിടിയും കോഴിക്കറിയും പഴം പൊരി+ ബീഫ്, ഇറച്ചി, കപ്പ ബിരിയാണി, ചിക്കൻ പൊട്ടിത്തെറിച്ചത്, അതിശയ പത്തിരി, കായ്‌പോള എന്നിവയും ഫുഡ്‌കോർട്ടിലെ പ്രധാന വിഭവങ്ങളാണ്.