കൊല്ലം: കൊല്ലത്തെ സുന്ദര നഗരമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മേയർ പ്രസന്ന ഏണസ്റ്ര് കൗൺസിൽ യോഗത്തിൽ പറഞ്ഞു. കോർപ്പറേഷന്റെ നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി അഷ്ടമുടിക്കായൽ സംരക്ഷിക്കാൻ ആരംഭിച്ച ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി എന്ന പദ്ധതിയിൽ ഓരോ വർഷവും എന്ത് ചെയ്യുമെന്ന് കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
മ്യൂസിക്കൽ ഫൗണ്ടൻ, ഫ്ലോട്ടിംഗ് ഗാർഡൻ ഉൾപ്പെടെയുള്ളവ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുമായി ചർച്ച നടത്തി. ഡ്രഡ്ജ്ജ് ചെയ്യുന്ന ചെളി സ്ഥലം എടുത്ത് മാറ്റാൻ നടപടി സ്വീകരിക്കും. ഡ്രഡ്ജിംഗ് അടക്കം നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ ഏർപ്പാടാക്കിയിട്ടുണ്ട് .ഇവർ കൃത്യമായി റിപ്പോർട്ടും സമർപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ചയും ഫോളോഅപ്പും നടക്കുന്നു. ഹെൽത്ത്,പൊതുമാരാമത്ത് വിഭാഗങ്ങൾ കൂടുതലായി അഷ്ടമുടിയുടെ സൗന്ദര്യവത്കരണത്തിൽ ശ്രദ്ധിക്കണമെന്നും മേയർ പറഞ്ഞു. അഷ്ടമുടിക്കായലിന്റെ തീരത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനാൽ ദുർഗന്ധം വമിക്കുന്നുണ്ട്. തീരദേശ വികസന കോർപ്പറേഷൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. ഈ വിഷയം കോർപ്പറേഷന്റെ പരിധിയിൽ കൊണ്ടുവന്ന് നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ ഹണി ബഞ്ചമിൻ ചൂണ്ടികാട്ടി.
ഹരിതകർമസേനയ്ക്ക് വാഹനങ്ങൾ നൽകിയിട്ടും നഗരത്തിൽ മാലിന്യം കുന്നുകൂടി കിടക്കുന്നതായി ഡെപ്യൂട്ടി മേയർ കൊല്ലം മധു ആരോപിച്ചു. മുൻപുള്ളതിനേക്കാൾ മാലിന്യ ശേഖരണം വർദ്ധിച്ചിട്ടുണ്ടെന്നും പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാൻ സ്ഥലപരിമിതിയുണ്ടെന്നും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. പവിത്ര മറുപടി നൽകി. എന്നാൽ സ്ഥലം കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥർ ആവശ്യമായ നടപടികൾ കൈകൊണ്ടിട്ടില്ലെന്ന് കൗൺസിലർ നൗഷാദ് ആരോപിച്ചു. ഹരിതകർമ്മസേനയ്ക്ക് വാങ്ങിയ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തിയതിന്റെ കണക്കുകളിൽവന്ന പ്രശ്നങ്ങൾ ഹണി ബെഞ്ചമിൻ ശ്രദ്ധയിൽപ്പെടുത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.ജയൻ, സജീവ് സോമൻ, കൗൺസിലർമാരായ കുരുവിള ജോസഫ്, എം.പുഷ്പാംഗദൻ, സജീവ് സോമൻ, ബി. ഷൈലജ, എസ്. അമ്പിളി, ആർ.അഭിലാഷ്, ബി.സാബു, ബി.ദീപു ഗംഗാധരൻ, ജി.ഉദയകുമാർ, എം.എച്ച്. നിസാമുദ്ദീൻ, ജോർജ് ഡി.കാട്ടിൽ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.