കുണ്ടറ: വാർഡുകൾ പുനർനിർണയം നടത്തിയപ്പോൾ കുണ്ടറ പഞ്ചായത്തിൽ ഒരു വാർഡ് പോലും കൂടിയില്ലെന്നും നിലവിലുണ്ടായിരുന്ന 3 സംവരണ വാർഡുകൾ ഒന്നായി ചുരുങ്ങിയെന്നും സി.പി.ഐ കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ഗോപാലകൃഷ്ണൻ പ്രസ്താവനയി​ൽ പറഞ്ഞു. 2011ലെ സെൻസസ് റിപ്പോർട്ടിൽ പഞ്ചായത്തിലെ ജനസംഖ്യ തെറ്റായാണ് രേഖപ്പെടുത്തിയത്. 14 സീറ്റുള്ള കുണ്ടറ പഞ്ചായത്തിൽ നിലവിൽ രണ്ടു വനിതയടക്കം മൂന്ന് സീറ്റുകൾ പട്ടിക ജാതി സംവരണം ആയിരുന്നു. നി​ലവി​ൽ ഒരു സീറ്റ് മാത്രമാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളത്. പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങളുടെ ക്ഷേമത്തിനുവേണ്ടി കൂടുതൽ പ്രോജക്ടുകൾ പഞ്ചായത്തിന് ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.