കിഴക്കേക്കല്ലട: കൊല്ലം തേനി പാതയിലെ ചിറ്റുമല ജംഗ്ഷനിൽ അതിവേഗത്തി​ലെത്തിയ ഇന്നൊവ കാർ നിയന്ത്രണം വിട്ട് ഓട്ടോസ്റ്റാൻഡിലേക്ക് ഇടിച്ചു കയറി പ്ലസ് വൺ വിദ്യാർത്ഥി​നി ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. നാല് ഓട്ടോറിക്ഷകൾ തകർന്നു. നിറുത്തിയിട്ടിരുന്ന ഒരു ഒമ്‌നി വാനും കേടുപറ്റി.

കഴിഞ്ഞ ദിവസം വൈകിട്ട് 3.35​ഓടെയാണ് അപകടമുണ്ടായത്. സി.വി.കെ.എം.ഹയർ സെക്കൻഡറി സ്​കൂൾ പ്ലസ് വൺ വിദ്യാർത്ഥി​നി ഉപ്പൂട് സ്വദേശി സോന സന്തോഷ്, ഓട്ടോഡ്രൈവർമാരായ ചിറ്റുമല സ്വദേശി ബാബു, തെക്കേമുറി സ്വദേശി ബിപിൻ, മുട്ടം സ്വദേശി സുനിൽ കുമാർ, കോട്ടപ്പുറം സ്വദേശി ജോസ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. ഭരണിക്കാവ് ഭാഗത്തുനിന്ന് കയറ്റം കയറിവന്ന ഇന്നൊവ വലതുവശത്തെ ഓട്ടോ സ്റ്റാൻഡി​ലേക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡിനുവശത്തുകൂടി നടന്നുവരികയായിരുന്നു സോന ഇന്നൊവയ്ക്കും ഓട്ടോയ്ക്കും ഇടയിൽപ്പെട്ടു. ഓട്ടോറിക്ഷകളിൽ ഇരിക്കുകയായിരുന്ന ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. സോന സന്തോഷിനെ ജില്ലാ ആശുപത്രിയിലും സാരമായി പരിക്കേറ്റ സുനിൽ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ കുണ്ടറ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നൊവ ഡ്രൈവറെ കിഴക്കേ കല്ലട പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം തേനി പാതയും മൺറോത്തുരുത്ത് റോഡും സംഗമിക്കുന്ന ചിറ്റുമലയിൽ ഗതാഗക്കുരുക്കും അപകടങ്ങളും നിത്യസംഭവമാണ്. ഗതാഗതക്കുരുക്കിന് കാരണമാകുന്ന, സപ്ലൈകോയ്ക്ക് സമീപമുള്ള വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കുകയും ട്രാഫിക്ക് ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.