കൊല്ലം: പിന്നിലൂടെ വന്ന കാർ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ച ബൈക്ക് യാത്രികനെ വഴിച്ചിഴച്ച്  കാർ പാഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ കാർ തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തി. കാറുമായി യുവാക്കൾ രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് 6.50നു കൊല്ലം മൂന്നാം കുറ്റി ജംഗ്ഷനിലായിരുന്നു സംഭവം. കല്ലുംതാഴം ഭാഗത്തു നിന്നു കരിക്കോടേക്ക് ബൈക്കിൽ വരുകയായിരുന്ന ചാത്തിനാംകുളം തെക്കേകൈപ്പള്ളിൽ ദിലീപ് കുമാറിനെയാണ് (42) കാർ ഇടിച്ചു വീഴ്ത്തി റോഡിലൂടെ വലിച്ചിഴച്ചത്. സാരമായി പരിക്കേറ്റ ദിലീപ് കുമാറിനെ കൊല്ലത്തെ സ്വകാര്യ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിലീപ് കുമാറിന്റെ ബൈക്കിനു പിന്നിൽ അമിത വേഗത്തിൽ എത്തിയ കാർ മൂന്നാം കുറ്റി ജംഗ്ഷനു സമീപത്തു വച്ച് ഇടിച്ചു. ബൈക്ക് റോഡിന്റെ ഒരു വശത്തേക്കു വീണു. ഇടിച്ച വാഹനം ഇവിടെ നിറുത്താതെ പിന്നിലേക്ക് എടുത്ത ശേഷം അമിത വേഗത്തിൽ വീണ്ടും കരിക്കോട് ഭാഗത്തേക്കു പാഞ്ഞു. ഇതിനിടെയാണു ദിലീപ് വാഹനത്തിന്റെ അടിയിൽ കുടുങ്ങിയത്. നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ച് കാറിനായുള്ള അന്വേഷണം ആരംഭിച്ചു. ഒരു സംഘം യുവാക്കൾ ബഹളം വച്ചുകൊണ്ടാണ്, അപകടം സൃഷ്ടിച്ച കാറിൽ സഞ്ചരിച്ചതെന്ന് സഥലത്തുണ്ടായിരുന്നവർ പറഞ്ഞു.