കൊല്ലം: കൊല്ലം പോർട്ടിൽ ഇമിഗ്രേഷൻ ഓഫീസ് പ്രവർത്തനം തുടങ്ങാത്തതിനാൽ, രണ്ട് വിദേശ കപ്പലുകൾ അറ്റകുറ്റപ്പണിക്ക് അടുപ്പിക്കാതെ മടങ്ങി. കപ്പൽ അടുപ്പിച്ചാൽ തിരുവനന്തപുരം ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ഇമിഗ്രേഷൻ പൂർത്തിയാക്കുമെന്ന് ഏജന്റ് ഉറപ്പുനൽകിയെങ്കിലും ഉടമസ്ഥർ വഴങ്ങിയില്ല.
ഒമാനിലെ സലാലയിൽ നിന്നു മലേഷ്യയിലേക്ക് പോകുകയായിരുന്ന ബൾക്ക് കാർഗോ കപ്പൽ കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണിക്കായി കൊല്ലം പോർട്ടിൽ അടുപ്പിക്കാൻ ഏജന്റിനെ ബന്ധപ്പെട്ടത്. ദുബായിൽ നിന്നു ആന്ധ്രയിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പലും അറ്റകുറ്റപ്പണിക്ക് അടുപ്പിക്കുന്നതിനെക്കുറിച്ച് ആരാഞ്ഞു. ഇമിഗ്രേഷൻ ഓഫീസ് ഇല്ലെന്ന് അറിഞ്ഞപ്പോൾ അവരും പിന്മാറി. അന്താരാഷ്ട്ര കപ്പൽ ചാലിനോട് അടുത്തുള്ള തുറമുഖമായതിനാൽ, വേഗത്തിൽ പ്രവേശിക്കാമെന്നതിനാലാണ് കപ്പലുകൾ കൊല്ലത്തെപ്പറ്റി ചിന്തിക്കുന്നത്. ഇമിഗ്രേഷൻ ഓഫീസ് ഇല്ലാത്തതിനാൽ എത്തുമ്പോഴും മടങ്ങുമ്പോഴും നടപടികൾ പൂർത്തിയാക്കാനുള്ള സമയനഷ്ടമാണ് ഉടമകളെ പിന്തിരിപ്പിക്കുന്നത്. പോർട്ടിന്റെ അനുമതി പിന്നാലെ കസ്റ്റംസ് പരിശോധന, ഇമിഗ്രേഷൻ ക്ലിയറൻസ് എന്നിവയ്ക്ക് ശേഷമേ കപ്പലുകൾ പോർട്ടിൽ അടുപ്പിക്കാനാകു. മടങ്ങുമ്പോഴും സമാനമായ നടപടി പൂർത്തിയാക്കണം.
10 ലക്ഷം വരെ നഷ്ടം
അറ്റകുറ്റപ്പണിക്കായി അടുപ്പിക്കുന്ന കപ്പലുകൾ കുറഞ്ഞത് നാല് ദിവസം കൊല്ലം പോർട്ടിൽ ഉണ്ടാകുമായിരുന്നു. രണ്ട് കപ്പലുകളും അടുപ്പിച്ചിരുന്നെങ്കിൽ പോർട്ട് ഡ്യൂസ്, ബെർത്ത് ഹയർ, ടഗ് ഹയർ, ചാനൽ ഫീസ് എന്നീ ഇനങ്ങളിൽ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും പോർട്ടിന് വരുമാനമായി ലഭിക്കുമായിരുന്നു.
നിയമനം വൈകുന്നു
ജൂൺ 18നാണ് കൊല്ലം പോർട്ടിൽ ഇമിഗ്രേഷൻ പോയിന്റ് അനുവദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. ഓഫീസിനുള്ള കെട്ടിടം മാരിടൈം ബോർഡ് ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസിന് കൈമാറിയെങ്കിൽ മാത്രമേ, ഇമിഗ്രേഷൻ പോയിന്റിന്റെ പ്രവർത്തനം ആരംഭിക്കുകയുള്ളൂ. കെട്ടിടത്തിൽ ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസ് നിർദ്ദേശിച്ച മിനുക്കുപണികൾ പൂർത്തിയാക്കി കൈമാറുന്നത് നീളുകയാണ്. ഓഫീസിൽ ഇമിഗ്രേഷൻ ജോലികൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച പട്ടികയിൽ നിന്നുള്ള പൊലീസുകാരുടെ നിയമനവും വൈകുന്നു.
...............................
പ്രധാന വിഷയങ്ങൾ
ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ നിയമനം വൈകുന്നു
കാര്യമായി കപ്പലുകൾ അടുക്കില്ലെന്ന് വാദം
സ്ഥിരം ഇമിഗ്രേഷൻ ഇല്ലാത്തതിനാൽ കപ്പലുകൾ എത്തുന്നില്ല
താത്കാലിക സംവിധാനം കപ്പൽ ഉടമകൾ അംഗീകരിക്കുന്നില്ല
അറ്റകുറ്റപ്പണിക്കായി കൊല്ലത്ത് അടുപ്പിക്കാൻ രണ്ട് വിദേശ കപ്പലുകൾ ഒന്നരയാഴ്ചയ്ക്കിടെ അന്വേഷണം നടത്തിയിരുന്നു. സ്ഥിരം ഇമിഗ്രേഷൻ ഓഫീസ് ഇല്ലെന്ന് പറഞ്ഞപ്പോൾ പിന്മാറി
ഷിപ്പിംഗ് ഏജന്റ്