പുത്തൂർ: കുന്നത്തൂർ പാലത്തിന് സമീപം ആറ്റുകടവ് ഭാഗത്ത് സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

ബസിന്റെയും പിക്കപ്പിന്റെയും ഡ്രൈവർമാർക്ക് ഉൾപ്പടെയാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരണിക്കാവ് ഭാഗത്തുനിന്ന് പുത്തൂരിലേക്ക് വരികയായിരുന്ന ബസും എതിർദിശയിൽ നിന്ന് വന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. വളവുള്ള ഭാഗമാണ്. ഇടിയേത്തുടർന്ന് വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ഇരു വാഹനങ്ങളുടെയും മുൻഭാഗങ്ങൾ തകർന്നു. ശാസ്താംകോട്ട പൊലീസ് കേസെടുത്തു.