
കുന്നത്തൂർ: കുന്നത്തൂർ പാലത്തിന് സമീപം ആറ്റുകടവ് ജംഗ്‌ഷനിൽ സ്വകാര്യ ബസിലേക്ക് പിക്കപ്പ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
സാരമായി പരിക്കേറ്റ പിക്കപ്പ് വാനിലെ ഡ്രൈവർ ചക്കുവള്ളി മയ്യത്തുംകര തരകന്റെ കിഴക്കതിൽ സാബു(40), സഹായി സിനിമാപറമ്പ് കലതി വിളയിൽ ഷാനവാസ് (38), ബസ് യാത്രക്കാരി കുന്നത്തൂർ കിഴക്ക് മൂർത്തിവിളയിൽ ബേബി(56) എന്നിവരെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്ക്കും നെറ്റിക്കും ഉൾപ്പെടെ പരിക്കേറ്റ ബസ് യാത്രക്കാരായ പതിനഞ്ചോളം പേരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രി,ഭരണിക്കാവിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 4 ഓടെ ആയിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കൃഷ്ണപ്രിയ എന്ന സ്വകാര്യ ബസും കൊട്ടാരക്കരയിൽ നിന്ന് സിനിമാപറമ്പിലേക്ക് പ്ലൈവുഡ് കയറ്റി വരികയായിരുന്ന പിക്കപ്പുമാണ് അപകടത്തിൽപ്പെട്ടത്. ആറ്റുകടവ് ജംഗ്ഷനിൽ നിറുത്തി യാത്രക്കാരെ കയറ്റിയ ശേഷം പോവുകയായിരുന്ന ബസിലേക്ക് പിക്കപ്പ് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബസ് സമീപത്ത് പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസിന്റെ വശത്തേക്കും ഇടിച്ചു കയറി. നാട്ടുകാരും യാത്രക്കാരും ചേർന്ന് പിക്കപ്പ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഒരു മാസം മുമ്പ് പുത്തൂർ ചുങ്കത്തറയിൽ ബൈക്ക് യാത്രികനായ കാരിക്കൽ സ്വദേശി മരിക്കാനിടയായ അപകടത്തിന് ശേഷം സർവീസ് പുനരാരംഭിച്ച ദിവസമാണ് സ്വകാര്യ ബസ് വീണ്ടും അപകടത്തിൽപ്പെട്ടത്.