എഴുകോൺ : ഓണമെത്തിയതറിയാതെ എഴുകോണിലെ പാതയോരങ്ങൾ. ദേശീയ സംസ്ഥാന പാതയോരങ്ങളും ഗ്രാമീണ ഇടങ്ങളും ഒരേ നിലയിൽ കാടുമൂടി കിടക്കുകയാണ്. ഓണമെത്തിയ വിവരം അധികൃതർ അറിഞ്ഞ മട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാൽനട യാത്രക്കാർക്കാണ് ഇത് ഏറെ വെല്ലുവിളിയാകുന്നത്.ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങൾക്ക് വഴിയൊരുക്കാൻ റോഡിന്റെ ഓരത്തേക്ക് മാറി നിൽക്കാനാകാതെ വിഷമത്തിലാകുന്നത് പലപ്പോഴും മുതിർന്നവരാണ്.
പാത തെളിക്കാൻ ആളില്ല
മുൻപ് ദേശീയ പാത അധികൃതരും പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഓണക്കാലത്ത് പാതയോരങ്ങൾ തെളിച്ചിരുന്നു. മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ചായിരുന്നു ഇത്. പൊതുമരാമത്ത് വകുപ്പിന് പ്രത്യേകം ജീവനക്കാർ തന്നെ ഇതിനുണ്ടായിരുന്നു. പിന്നീട് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഈ തസ്തിക തന്നെ ഇല്ലാതാക്കി. തദ്ദേശ സ്ഥാപനങ്ങളും ഏറെക്കാലം ഈ കാട് തെളിക്കൽ കൃതൃതയോടെ നടത്തിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ വരവോടെയാണ് ഇത് നിലച്ചത്.
തൊഴിലുറപ്പിന്റെ പ്രാരംഭ ഘട്ടത്തിൽ നന്നായി ചെയ്തിരുന്ന പാതയോരം തെളിക്കലിന് കേന്ദ്ര മാനദണ്ഡ പ്രകാരം പിന്നീട് വിലക്കേർപ്പെടുത്തി. പ്രത്യുത്പ്പാദനകരമല്ലെന്ന് കണ്ടായിരുന്നു ഇത്.
അപകട സാധ്യതകൾ കൂടിയ സ്ഥലങ്ങളിൽ പോലും കൃത്യമായി പാത തെളിക്കാൻ അധികൃതർ തയ്യാറാകാറില്ല.
അപകടം മറച്ച് കാട്
എഴുകോൺ റെയിൽവേ മേൽപ്പാലത്തിൻ്റെ അനുബന്ധ റോഡാണ് ഇതിൽ ഒന്ന്. എഴുകോൺ ജംഗ്ഷനിൽ നിന്ന് സീറോ ലെവലിൽ തുടങ്ങി പോസ്റ്റ് ഓഫീസ് ജംഗ്ഷനിലേക്ക് 20 അടിയിലധികം ഉയരത്തിൽ പോകുന്നതാണ് ഈ റോഡ്. ഇതിന് സമാന്തരമായി താഴ്ചയിലൂടെ തിരക്കേറിയ മറ്റൊരു പാതയും ഉണ്ട്. റോഡിന്റെ ഉയരവും മറു ഭാഗത്തെ താഴ്ചയും യാത്രക്കാരിൽ നിന്ന് മറയ്ക്കുന്ന വിധമാണ് ഇവിടെ കുറ്റിച്ചെടികൾ വളർന്ന് നിൽക്കുന്നത്. നിരവധി വാഹനങ്ങൾ ഇവിടെ താഴ്ചയിലേക്ക് വീണ് അപകടം ഉണ്ടായിട്ടുണ്ട്. വാഹനങ്ങൾ ഇടിച്ചു തകർത്ത ഇരുമ്പ് വിളക്ക് തൂണുകൾ ഇപ്പോഴും നീക്കം ചെയ്യാതെ നിറുത്തിയിരിക്കുന്നത് കാണാം. താഴെ റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്ന ഈ തൂണുകൾ മറ്റൊരു അപകട ഭീഷണിയാണ്.