തഴവ: പുലികളി പോലെ തരംഗമായ കരടികളി ഇന്ന് തെക്കൻ കേരളത്തിൽ പൂർണമായും അരങ്ങൊഴിഞ്ഞു. താനന്നേ തന്നാന്നെ തന്നാന തന താനന്നെ താനന്നെ തനന്നെ തന്നാനാ... എന്ന ശീലിൽ തയ്യാറാക്കിയ പാട്ടുകളായിരുന്നു കരടികളിയുടെ ആകർഷണീയത.

ഈ കരടിയൊരു കള്ളനാണെ ഇവൻ ഇന്നലെ വൈകിട്ട് വന്നതാണെ... താനന്ന താനന്ന തന്താന തന എന്ന ഈരടികളിലൂടെയായിരുന്നു അന്നൊക്കെ ഓണം ഉണർന്നിരുന്നത്. അത്തം ഉദിച്ചാൽ പിന്നീട് ഉത്രാടം വരെയാണ് കരടികളി നടക്കുന്നത്. കരടി, പുലി, വേട്ടക്കാരൻ എന്നിങ്ങനെ മൂന്ന് പ്രധാന കഥാപാത്രങ്ങളും പിന്നെ പാടി പതം വന്ന പാട്ടുകാരും സഹായികളുമായിരുന്നു കളി സംഘത്തിൽ ഉണ്ടായിരുന്നത്.

വൈകിട്ട് 6.30 മുതൽ ഉറക്കം നടിക്കുന്നവരെയും ഉറങ്ങിയവരെയുമൊക്കെ ഉച്ചത്തിൽ പാട്ടുപാട്ട് പാടി ഉണർത്തിയിരുന്ന കരടികളി ഇന്ന് ഓണാട്ടുകരയിൽ നിന്നുതന്നെ അപ്രത്യക്ഷമായ അവസ്ഥയാണ്.