കൊല്ലം: ഓണവിപണിയിലെ ക്രമക്കേടുകൾ കണ്ടെത്താൻ രൂപീകരിച്ച സ്‌ക്വാഡുകൾ ജില്ലയിലെ കച്ചവടസ്ഥാപനങ്ങളിൽ പരിശോധന നടത്തി. വിലവിവര പട്ടിക പ്രദർശിപ്പിക്കൽ, ഉപഭോക്താക്കൾക്ക് യഥാസമയം ബില്ലുകൾ കൈമാറൽ എന്നിവയിലെ വീഴ്ച, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കൽ തുടങ്ങിയവ കണ്ടെത്താൻ സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥരാണ് രംഗത്തെത്തിയത്.
ഹോട്ടലുകളിലെയും പഴം, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലെയും ശുചിത്വം സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുഖേനയും സംയുക്ത സ്‌ക്വാഡുകൾ സ്ഥാപനങ്ങൾ വിലയിരുത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതതിന് 16 കേസെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ത്രാസുകൾ ശരിയായി പതിച്ച് സൂക്ഷിക്കാത്തതും തൂക്കത്തിൽ കുറവുമുൾപ്പെടെ ലീഗൽ മെട്രോളജി വകുപ്പ് 12 ക്രമക്കേടുകൾ കണ്ടെത്തി. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ രണ്ടിടങ്ങളിൽ മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന 6430 കി.ഗ്രാം ഭക്ഷ്യധാന്യങ്ങളും ഹോട്ടലിൽ നിന്ന് ഗാർഹിക പാചക വാതക സിലിണ്ടറുകളും പിടിച്ചെടുത്തു.