കൊല്ലം: ഓണ സദ്യയ്ക്കള്ള തൂശനിലയി​ൽ പപ്പടം മലയാളിക്ക് നിർബന്ധമാണ്. ആവിപറക്കുന്ന ചോറിൽ പരിപ്പിനൊപ്പം പപ്പടം പൊടിച്ചും പായസത്തിനൊപ്പം പഴവും പപ്പടവും ചേർത്തു പി​ടി​ച്ചും ഓണസദ്യ കെങ്കേമമാക്കണം. ഓണക്കാലവും വിവാഹസീസണുകളുമാണ് പപ്പട വിപണിയെ പിടിച്ചുനിറുത്തുന്നത്.

ഉഴുന്നുമാവ് ഉൾപ്പെടെയുള്ള ചേരുവകൾ നി​റയുന്ന നാടൻ പപ്പടങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. 20 മുതൽ 100 വരെയുള്ള പപ്പടങ്ങളാണ് പൊതുവെ വിപണിയിൽ എത്തുന്നത്. എണ്ണം അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. ആദ്യമൊക്കെ 20 രൂപയുടെ പപ്പട പാക്കറ്റിൽ 16 പപ്പടത്തോളം ഉണ്ടായിരുന്നു. എന്നാൽ എണ്ണം കുറഞ്ഞ് 12 ഒക്കെയായി മാറി. വീടുകളിൽ പരമ്പരാഗത രീതിയിൽ നിർമ്മിച്ചു നൽകുന്ന പപ്പടങ്ങൾക്ക് പുറമെ യന്ത്രങ്ങളുപയോഗിച്ച് വലിയ അളവിൽ നിർമ്മിക്കുന്ന യൂണിറ്റുകളുമുണ്ട്. കടകളിലേക്ക് കൊടുക്കുന്നതിന് പുറമെ വീടുകൾ തോറും കയറിയിറങ്ങി കച്ചവടം ചെയ്യുന്നവരുമേറെ. സാധാരണയേക്കാൾ ഇരട്ടികച്ചവടമാണ് ഓണസമയത്ത് നടക്കുന്നത്. ഉത്രാടത്തിനാണ് ഏറ്റവും കൂടുതൽ പപ്പടകച്ചവടം നടക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ഓണവിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളിൽ നിന്ന് വ്യാജ പപ്പടവും എത്തുന്നുണ്ട്.

പലരുചിയിൽ പപ്പടം

ചെറുതും വലുതുമായ പപ്പടങ്ങൾക്കു പുറമെ മസാല പപ്പടം ഉൾപ്പെടെ വിവിധ രുചികളിലുള്ള പപ്പടങ്ങളും വിപണിയിലുണ്ട്. കുട്ടി പപ്പടത്തിനാണ് കൂട്ടത്തിൽ ഡിമാൻഡ് കൂടുതൽ. വലിയ പപ്പടത്തിനും ആവശ്യക്കാരുണ്ട്. കൂടാതെ ഉള്ളി പപ്പടം, വെളുത്തുള്ളി പപ്പടം, ജീരകപപ്പടം, കുരുമുളക് പപ്പടം എന്നിവയും ഓണവിപണിയിലുണ്ട്.

ഉഴുന്ന് പൊടിക്കും പപ്പടം ഉണ്ടാക്കേണ്ട മറ്റ് അസംസ്കൃത വസ്തുക്കൾക്കും വിലകൂടിയിട്ടുണ്ട്. പപ്പടത്തിന്റെ വിലയും ഉത്പാദന ചെലവും ഒരുപോലെ കൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ടാണ്. ഓണം,വിഷു.കല്യാണം തുടങ്ങിയ അവസരങ്ങളിലാണ് കൂടുതൽ പ്രതീക്ഷ

പപ്പട കച്ചവടക്കാരൻ