കൊല്ലം: ആയൂർ പൂയപ്പള്ളിയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി അനുമതി നൽകി. കേസിലെ രണ്ടാം പ്രതി ചാത്തന്നൂർ മാമ്പള്ളിക്കുന്നം സ്വദേശി അനിതകുമാരിക്ക് ഉപാധികളോടെ ജാമ്യവും അനുവദിച്ചു.
അനിതകുമാരിയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ പത്കുമാറിന്റെ ജാമ്യാപേക്ഷ തള്ളി.
ഭീമമായ സാമ്പത്തിക ബാദ്ധ്യത തീർക്കാൻ പത്മകുമാറും ഭാര്യ അനിതകുമാരിയും മകൾ അനുപമയും ചേർന്നാണ് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് കണ്ടെത്തൽ. തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് അടുത്തിടെ വെളിപ്പെടുത്തിയെന്ന പ്രചാരണത്തിൽ വ്യക്തത വരുത്താനാണ് കേസ് അന്വേഷിച്ച കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് തുടരന്വേഷണത്തിന് ഹർജി നൽകിയത്. അടുത്തിടെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖ്യത്തിൽ, സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷിയായ മകൻ പറഞ്ഞെങ്കിലും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് പിതാവ് വെളിപ്പെടുത്തിയെന്നാണ് പ്രചാരണം. ഇക്കാര്യത്തെക്കുറിച്ച് കുട്ടിയുടെ പിതാവിനോട് പൊലീസ് ആരാഞ്ഞെങ്കിലും താൻ പറഞ്ഞത് വളച്ചൊടിച്ചെന്നായിരുന്നു മറുപടി. എങ്കിലും പുതിയ പ്രചാരണം വിചാരണ വേളയിൽ പ്രോസിക്യൂഷന് തിരിച്ചടി ആകാതിരിക്കാനാണ് തുടരന്വേഷണം ആവശ്യപ്പെട്ടത്.
 മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട്
മൂന്നാഴ്ചയ്ക്കുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ രണ്ട് ദിവസത്തിനകം കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകും. അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം നിലവിലെ കണ്ടെത്തലിൽ നിന്നു വത്യസ്തമായ എന്തെങ്കിലും തുമ്പ് ലഭിച്ചാൽ ആ വഴിക്ക് അന്വേഷണം നടത്താനാണ് ആലോചന. കേസിലെ മൂന്നാം പ്രതി അനുപമയ്ക്ക് പഠനാവശ്യത്തിനായി ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീ എന്ന പരിഗണനയിലാണ് രണ്ടാം പ്രതി അനിതകുമാരിക്ക് ഇന്നലെ ജാമ്യം നൽകിയത്. കഴിഞ്ഞ നവംബർ 27ന് വൈകിട്ട് 4.30നാണ് സഹോദരനൊപ്പം ട്യൂഷന് പോവുകയായിരുന്ന ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതികളെ തമിഴ്നാട്ടിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം പിടികൂടി. കേസ് ഈമാസം 27ന് വീണ്ടും കോടതി പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻ രാജും പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ സി. രാജേന്ദ്രൻ, കാവനാട് സി. ബിജു, ഷിജു എബ്രഹാം എന്നിവരും ഹാജരായി.