പദ്ധതി സ്തംഭിച്ചിട്ടും അധികൃതർക്ക് അനക്കമില്ല
കൊല്ലം: ജില്ലയിലെ അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള ഞാങ്കടവ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി സ്തംഭിച്ചിട്ടും അധികൃതർക്ക് അനക്കമില്ല. പമ്പ് സെറ്റുകൾ കൂടി സ്ഥാപിച്ചാൽ പദ്ധതി കമ്മിഷൻ ചെയ്ത് കുടിവെള്ള വിതരണം തുടങ്ങാമെങ്കിലും നടപടികൾ എട്ട് മാസമായി ഇഴയുകയാണ്.
ഈ വർഷം ജനുവരിയിലാണ് കൂറ്റൻ പമ്പ് സെറ്റുകൾ സ്ഥാപിക്കാനുള്ള ടെണ്ടറിന്റെ പ്രൈസ് ബിഡ് തുറന്നത്. ഏറ്റവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റിനെക്കാൾ 38 ശതമാനം അധികമായതിനാൽ മാർച്ച് ആദ്യവാരം റീ ടെണ്ടറിന് നിർദ്ദേശിച്ചു. റീ ടെണ്ടർ ചെയ്താൽ പദ്ധതി പൂർത്തീകരണം വൈകുമെന്ന് ഉറപ്പായതിനാൽ ആദ്യ ടെണ്ടർ തന്നെ സർക്കാരിന്റെ പരിഗണനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചു. മേയ് പകുതിയോടെ തിരിച്ചയച്ച ടെണ്ടർ അംഗീകാരത്തിനുള്ള ഫയൽ നാല് മാസമായി തലസ്ഥാനത്ത് കുടുങ്ങിക്കിടക്കുകയാണ്.
ഞാങ്കടവിൽ കൂറ്റൻ കിണറിന്റെ നിർമ്മാണം പൂർത്തിയായിട്ട് രണ്ട് വർഷം പിന്നിടുന്നു. വസൂരിച്ചിറയിൽ ട്രീറ്റ്മെെന്റ് പ്ലാന്റും ഇവിടെ നിന്നു വിവിധ ടാങ്കുകളിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കലും പൂർത്തിയായി. കുണ്ടറയ്ക്ക് സമീപം നാന്തിരിക്കലിൽ ഒന്നര കിലോമീറ്റർ ഒഴികെ ഞാങ്കടവിൽ നിന്നും വസൂരിച്ചിറയിലേക്കുള്ള പൈപ്പ്ലൈൻ സ്ഥാപിക്കലും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
സ്ഥാപിക്കുന്നത് 15 പമ്പ് സെറ്റുകൾ
ഞാങ്കടവിൽ 975 എച്ച്.പി ശേഷിയുള്ള 4 പമ്പുകൾ
ബാക്കി 11 എണ്ണം ട്രീറ്റ്മെന്റ് പ്ലാന്റിലും വിതരണ ടാങ്കുകളിലും
പമ്പുകൾ പുതുതായി നിർമ്മിച്ച് സ്ഥാപിക്കണം
പദ്ധതിയുടെ നിർമ്മാണം തുടങ്ങിയത് 2018 ഒക്ടോബറിൽ
2 വർഷത്തിനുള്ളിൽ കമ്മിഷനിംഗായിരുന്നു ലക്ഷ്യം
ആറര വർഷമായിട്ടും പൂർത്തിയായില്ല
...........................................
ടെണ്ടറിന്റെ സ്ഥിതി
പ്രൈസ് ബിഡ് തുറന്നത് ഈ വർഷം ജനുവരി 8ന്
ടെണ്ടർ തുക 38.96 കോടി
38 ശതമാനം അധികമായതിനാൽ റീ ടെണ്ടറിന് നിർദ്ദേശം
മേയ് 14ന് ചീഫ് എൻജിനിയർ ടെണ്ടർ മടക്കി ആവശ്യപ്പെട്ടു
ജൂലായ് 19ന് ചീഫ് എൻജിനിയർ ഓഫീസിലേക്ക് അയച്ചു
ഇതുവരെ തീരുമാനമായില്ല
കുടിവെള്ളം ലഭിക്കുന്ന പഞ്ചായത്തുകൾ
കൊല്ലം കോർപ്പറേഷൻ, പനയം, തൃക്കരുവ, പെരുനാട്, കൊറ്റങ്കര, ഇളമ്പള്ളൂർ