തഴവ: കടത്തൂർ ശാസ്താംപൊയ്ക റേയിൽവേ ക്രോസ് ജംഗ്ഷനിൽ ട്രാക്കിന് സമീപത്തുകൂടിയുള്ള വഴി റേയിൽവേ അടച്ചതോടെ നിരവധി കുടുംബങ്ങളുടെ സഞ്ചാരം വഴിമുട്ടി.
ശാസ്താംപൊയ്ക റെയിൽവേ ലെവൽ ക്രോസിന് കിഴക്കുകൂടി പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന വഴിയാണ് റെയിൽവേ മുന്നറിയിപ്പില്ലാതെ കെട്ടിയടച്ചത്. ഇതുവഴി കടന്നുപോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റേയിൽവേയ്ക്കാണെന്നതാണ് വഴി അടയ്ക്കാൻ കാരണമായത്.
നടന്നുപോകാൻ പോലും മാർഗമില്ല
വികലാംഗനായ തഴവ കടത്തൂർ മംഗലത്ത് യശോധരക്കുറുപ്പ്, മംഗലത്ത് തെക്കതിൽ മായ, അനീസ് മൻസിലിൽ ഹാരീസ് മംഗലത്ത്, തെക്കതിൽ ചന്ദ്രശേഖരൻ, മങ്ങാട് പടീറ്റതിൽ മോഹനൻ, മംഗലത്ത് തെക്കതിൽ സന്ധ്യ, മംഗലത്ത് തെക്കതിൽ അസീസ് കുട്ടി തുടങ്ങി നിരവധി കുടുംബങ്ങളാണ് ഓണക്കാലത്ത് നടന്നുപോകാൻ പോലും മാർഗമില്ലാത്ത അവസ്ഥയിലായത്.
റേയിൽവേയ്ക്ക് ഈ മേഖലയിൽ വഴി അടയ്ക്കേണ്ട അടിയന്തര സാഹചര്യങ്ങൾ ഇല്ലെന്നിരിക്കെ നിർദ്ധന കുടുംബങ്ങളെ അനുഭാവപൂർവം പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.