മുറിച്ചത് ബി.എസ്.എൻ.എൽ കേബിളെന്ന് തെറ്റിദ്ധരിച്ച്
കൊല്ലം: ചെമ്പ് കമ്പി മോഷ്ടിക്കാനായി, ബി.എസ്.എൻ.എൽ കേബിളെന്ന് തെറ്റിദ്ധരിച്ച് ഭൂഗർഭ വൈദ്യുതി കേബിൾ മോഷ്ടാക്കൾ മുറിച്ചതോടെ കൊട്ടിയം പട്ടരുമുക്കിന് സമീപം മൂവായിരത്തോളം കുടുംബങ്ങൾ ഇന്നലെ അർദ്ധരാത്രി മുതൽ ഇരുട്ടിലായി. മുറിച്ചപ്പോൾ ഷോക്കടിക്കാൻ സാദ്ധ്യത ഉണ്ടായിരുന്നെങ്കിലും വൈദ്യുതാഘാതമേറ്റ് ആരും ചികിത്സ തേടിയതായി വിവരം ലഭിച്ചിട്ടില്ല. അതിനാൽ മോഷ്ടാക്കത്തെപ്പറ്റി സൂചനയുമില്ല.
പട്ടരുമുക്കിന് സമീപം ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഓട നിർമ്മാണത്തിനായി റോഡിന്റെ വശത്ത് നീളത്തിൽ കുഴിയെടുത്തിരുന്നു. ഇതോടെ കുഴിച്ചിട്ടിരുന്ന ഭൂഗർഭ വൈദ്യുതി കേബിളുകൾ തെളിഞ്ഞുവന്നു. ഇത് ടെലികോം കേബിളെന്ന് തെറ്റിദ്ധരിച്ച് മോഷ്ടാക്കൾ ഇന്നലെ രാത്രി 12.30 ഓടെ മുറിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ലൈനിൽ ഷോർട്ട് സർക്യൂട്ട് രൂപപ്പെട്ട് 10 ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യതി തടസപ്പെട്ടു. രാത്രി തന്നെ കെ.എസ്.ഇ.ബി ജീവനക്കാർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാപക പരിശോധന കണ്ടെത്തിയെങ്കിലും പ്രശ്നം കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ വീണ്ടും പരിശോധിച്ചപ്പോഴാണ് പട്ടരുമുക്കിന് സമീപം ആക്സോ ബ്ലേഡ് ഉപയോഗിച്ച് ഭൂഗർഭ കേബിൾ മുറിച്ചതായി കണ്ടെത്തിയത്. പിന്നീട് പുതിയ കേബിൾ എത്തിച്ച് പ്രശ്നം പരിഹരിച്ച് രാവിലെ 11.30 ഓടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
കേബിൾ മുറിച്ച ഭാഗത്ത് നിന്നും സിഗരറ്റ് ലൈറ്റർ കണ്ടെത്തി. കൊട്ടിയം കെ.എസ്.ഇ.ബി അധികൃതർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. 11 കെ.വി വൈദ്യുതി കടന്നുപോകുന്ന ലൈനാണ് മോഷ്ടാക്കൾ മുറിക്കാൻ ശ്രമിച്ചത്. മുകൾ ഭാഗം മുറിച്ച് തുടങ്ങിയപ്പോൾ തന്നെ ഡ്രിപ്പായതിനാലാകാം മോഷ്ടാക്കൾക്ക് കാര്യമായ വൈദ്യുതാഘാതമേൽക്കാതെ രക്ഷപ്പെട്ടതെന്ന് കരുതുന്നു.