കൊട്ടാരക്കര: കുളക്കടയിലെ എറായം ഹിറ്റായി. ഓണക്കാലത്ത് ആൾത്തിരക്കേറി. എം.സി റോഡിന്റെ അരികിലായി കുളക്കട ഗ്രാമപഞ്ചായത്ത് 52 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചതാണ് 'എറായം' വഴിയോര വിശ്രമകേന്ദ്രം. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നിർമ്മിച്ച എറായത്തിൽ ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും ലഘു ഭക്ഷണത്തിനും വ്യായാമത്തിനുമടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹോട്ടലും അനുബന്ധ സൗകര്യങ്ങളും വിശ്രമ മുറികളുമടക്കം ഇവിടെ സജ്ജമാക്കിയതിനാൽ ഇപ്പോൾ ആളുകൾ എത്തുന്നുണ്ട്. ഓണക്കാലത്തിന്റെ തിരക്കും പ്രകടമാണ്.
ഇടത്താവളം
നിലവിൽ ദീർഘദൂര യാത്രികരാണ് എറായത്തിൽ കൂടുതലായി എത്തുന്നത്. ഓണക്കാലത്ത് എറായത്തിലെ രാധാസ് ഹോട്ടലിലെ ഭക്ഷണം കഴിക്കാൻ സ്വദേശികളും ധാരാളമായി എത്തുന്നുണ്ട്. രുചിവൈവിദ്ധ്യവും നാടൻ ഭക്ഷണവുമാണ് സവിശേഷത. ശബരിമല സീസൺ ആകുന്നതോടെ അയ്യപ്പ ഭക്തരുടെ വിശ്രമ കേന്ദ്രമായി ഇവിടം മാറും.