photo
കരുനാഗപ്പള്ളി ടൗണിന് സമീപം സ്കാര്യ ഭൂമിയിൽ വളർന്ന് നിൽക്കുന്ന പുൽക്കാടുകൾ.

കരുനാഗപ്പള്ളി: ടൗണിന് സമീപം സ്വകാര്യ ഭൂമിയിൽ വളർന്ന് നിൽക്കുന്ന പുൽക്കാടുകൾ ഉഗ്ര വിഷജന്തുക്കളുടെ താവളമായി മാറുന്നു. കാട് ചെത്തി മാറ്റണമെന്ന ആവശ്യം ശക്തമാണ്. ഭൂമിക്ക് ചുറ്റും മതിൽ കെട്ടുകൾ ഇല്ലാത്തതിനാൽ മൂർഖൻ ഉൾപ്പെടെയുള്ള ഇഴജന്തുകൾ റോഡിലൂടെ ഇഴയുന്നത് പതിവ് കാഴ്ചയാണ്.

തിരക്കേറിയ ഇടം

കരുനാഗപ്പള്ളി ടൗൺ എൽ.പി സ്കൂൾ, യു.പി.ജി.എസ്, മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ തുടങ്ങയവയെല്ലാം ഈ കാടിന് സമീപത്താണ്.കൂടാതെ നിരവധി വക്കീൽ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. കരുനാഗപ്പള്ളിയിലെ പ്രധാന റോഡായ കരുനാഗപ്പള്ളി ടൗൺ - കല്ലുംമൂട്ടിൽ കടവ് റോഡ് കടന്ന് പോകുന്നതും പുൽക്കാടിന്റെ വടക്ക് ഭാഗത്തുകൂടിയാണ്. ആയിരക്കണക്കിന് കാൽനടയാത്രക്കാരാണ് ഇതുവഴി പോകുന്നത്.

നോക്കി നടക്കണേ...

വക്കീൽ ഓഫീസുകൾ പകൽ സമയങ്ങലിൽ പോലും അടച്ചിടേണ്ട സ്ഥിതിയാണ്. പകൽ സമയം ഒരു വ്യാപാര സ്ഥാപനത്തിൽ ഇഴഞ്ഞെത്തിയ അണലിയെ നാട്ടുകാർ തല്ലി കൊന്നിട്ട് അധിക ദിവസമായില്ല. രാത്രിയിൽസമയങ്ങളിൽ പുൽക്കാട്ടിൽ നിന്ന് ഇവറ്റകൾ റോഡിന്റെ വശത്തുള്ള ഓടയുടെ സ്ലാബിന് മീതേ കിടക്കാറുണ്ട്. കാൽനട യാത്രക്കാർ ഓടയുടെ പുറത്തു കൂടിയാണ് യാത്ര ചെയ്യുന്നത്.

റോഡിനോട് ചെർന്ന് വളർന്ന് നിൽക്കുന്ന പുൽക്കാടുകൾ ചെത്തി നീക്കാൻ മുൻസിപ്പാറ്റി അടിയന്തര നടപടികൾ സ്വീകരിക്കണം.

നാട്ടുകാർ