കൊല്ലം: നി​റഞ്ഞ മനസോടെ മലയാളി​കൾ ഇന്ന് തിരുവോണം ആഘോഷിക്കും. അത്തം നാളിൽ തുടങ്ങിയ ഒരുക്കങ്ങളാണ് പൂർണതയിലെത്തുന്നത്. വർണാഭമായ ആഘോഷപ്പൊലിമയാണ് എങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ആവേശം വിതറി ആഘോഷം പൊടിപൊടി​ക്കുകയാണ്.

ഉത്രാട പാച്ചിലിലായിരുന്നു ഇന്നലെ നാട്. ഓണക്കോടി എടുക്കാനും ഓണസദ്യയ്ക്കും ഓണത്തപ്പനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കും തി​രക്കോടു തി​രക്കായി​രുന്നു. പച്ചക്കറി, പഴം, പൂവ്, പാൽ, വസ്ത്രം വിപണികളിലായിരുന്നു ആളുകൾ ഒഴുകിയെത്തിയത്. ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിലെല്ലാം രണ്ട് ദിവസമായി തിരക്കാണ്. പുത്തൻ ട്രെൻഡുകളുടെ ശേഖരവുമായി തുണിക്കടകൾ ഓണത്തെ വരവേൽക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. ഇന്നലെ തിരക്കേറിയതോടെ മിക്ക വസ്ത്രവ്യാപാരശാലകളും അർദ്ധരാത്രിയിലാണ് കച്ചവടം അവസാനിപ്പിച്ചത്. വൻകിട ബ്രാൻഡുകളുടെ ഓഫറുകൾക്ക് പുറമേ വസ്ത്ര ശാലകൾ സ്വന്തമായി ഓഫറുകൾ നൽകിത്തുടങ്ങിയതാണ് ആളുകൂടാൻ കാരണം. ചെറുകിട കച്ചവടക്കാർ നഗരപാതകൾ കൈയടക്കി. പൂവിപണിയും സജീവമായിരുന്നു. ഓണച്ചന്ത, ഭക്ഷ്യമേള, വിപണനമേള, എക്സിബിഷനുകൾ എന്നിവിടങ്ങളിലും വലിയ ആൾക്കൂട്ടമാണ് ഉണ്ടായിരുന്നത്.

സദ്യയൊരുക്കം

തിരുവോണസദ്യ അടിപൊളിയാക്കാനുള്ള ഒരുക്കങ്ങൾ വീടുകളി​ലും ഹോട്ടലുകളി​ലുമൊക്കെ ഇന്നലെ തുടങ്ങി. അച്ചാറുകളും ഉപ്പേരിയും ഉത്രാടദിനത്തിൽത്തന്നെ തയ്യാറായി. ഹോട്ടലുകളി​ൽ ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ബുക്കിംഗ് അനുസരിച്ച് സദ്യയുടെയും പായസത്തിന്റെയും മറ്റും വിതരണം ഇന്ന് രാവിലെ തന്നെ ആരംഭിക്കേണ്ടതുണ്ടായി​രുന്നു. വിഭവസമൃദ്ധമായ തിരുവോണ സദ്യയാണ് ഹോട്ടലുകളി​ൽ തയ്യാറായിരിക്കുന്നത്.

കഴിഞ്ഞ വ‌ർഷത്തെ അപേക്ഷിച്ച് ഇത്തവണ ഓണക്കച്ചവടം കുറവായിരുന്നു. എന്നാൽ രണ്ടുദിവസമായി കച്ചവടം അല്പം മെച്ചപ്പെട്ടു. പുലിക്കളി വേഷങ്ങൾക്കും പട്ടാളക്കാരന്റെ വേഷത്തിനും മുഖംമൂടികൾക്കും ഓലക്കുടയ്ക്കുമാണ് കൂടുതൽ ഡിമാൻഡ്

സാബു രവീന്ദ്രൻ , ബ്യൂട്ടി (ഇന്ത്യൻ സ്പോർട്സ് ലാൻഡ്), ചിന്നക്കട മെയിൻറോഡ്