കൊല്ലം: പോളയത്തോട് ആർ.ഒ.ബി നിർമ്മാണത്തിന് നിർവഹണ ഏജൻസിയായ കെ.ആർ.ഡി.സി.എൽ ടെണ്ടർ ക്ഷണിച്ചു. സാധാരണ ഭൂമി കൈമാറിക്കിട്ടിയ ശേഷമാണ് നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിക്കുന്നത്.

എന്നാൽ നഷ്ടപരിഹാര വിതരണം ചെയ്ത് ഭൂമി ഏറ്റെടുക്കുന്നതിന് പിന്നാലെ നിർമ്മാണം ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടെണ്ടർ ക്ഷണിച്ചത്.

ആദ്യ ടെണ്ടറിൽ തന്നെ കരാറാകുന്നതിനൊപ്പം നഷ്ടപരിഹാര വിതരണവും നീണ്ടില്ലെങ്കിൽ ആറു മാസത്തിനകം നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ആർ.ഒ.ബിയുടെ പൈൽ, പൈൽക്യാപ്പ് എന്നിവ കോൺക്രീറ്റ് കൊണ്ടായിരിക്കും നിർമ്മിക്കുക. എന്നാൽ മുകളിലുള്ള ഡെക്ക് പ്ലേറ്റ്, ഡെക്ക് സ്ലാബ് എന്നിവ സ്റ്റീലിൽ നിർമ്മിക്കാനുള്ള ടെണ്ടറാണ് ക്ഷണിച്ചിരിക്കുന്നത്. ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്ന മറ്റ് ആർ.ഒ.ബികളിൽ നിന്ന് വത്യസ്തമായി പോളയത്തോട് മേൽപ്പാലത്തിന്റെ റെയിൽവേ ലൈനിന്റെ മുകൾ ഭാഗത്തെ നിർമ്മാണവും കെ.ആർ.ഡി.സി.എല്ലിന്റെ നേതൃത്വത്തിൽ തന്നെയായിരിക്കും.

ഒന്നരവർഷമാണ് നിർമ്മാണ കാലാവധി. തടസങ്ങളുണ്ടായില്ലെങ്കിൽ രണ്ട് വർഷത്തിനകം പോളയത്തോട് ആർ.ഒ.ബി യാഥാർത്ഥ്യമാകും.

ചുറ്റിക്കറങ്ങാതെ ലക്ഷ്യത്തിലെത്താം

 പള്ളിമുക്ക് മുതൽ പോളയത്തോട് വരെയുള്ളവർക്ക് പ്രയോജനം
 റെയിൽപാതയുടെ മറുവശത്ത് താമസിക്കുന്നവർക്ക് വലിയ ആശ്വാസം

 എസ്.എൻ കോളേജ് ഗേറ്റിലെ തിരക്ക് കുറയും

 ഇടറോഡുകളിലൂടെ ചുറ്റിക്കറങ്ങേണ്ട

ടെണ്ടർ തുക ₹ 21.73 കോടി

നിർമ്മാണ കാലാവധി -18 മാസം

നീളം ​ 400 മീറ്റർ (അപ്രോച്ച് റോഡ് സഹിതം)

വീതി ​- 10.5 മീറ്റർ

നടപ്പാത - 1.5 മീറ്റർ (ഒരുവശത്ത്)

ആർ.ഒ.ബി നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നിലവിൽ 13.41 കോടി പല ഘട്ടങ്ങളായി അനുവദിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ഒടുവിൽ അനുവദിച്ച 1.08 കൈമാറിക്കിട്ടിയാലുടൻ നഷ്ടപരിഹാര വിതരണം ആരംഭിക്കും.

കെ.ആർ.ഡി.സി.എൽ അധികൃതർ