കൊല്ലം: കൈക്കൂലി പ്രതീക്ഷി​ച്ച് പോക്കുവരവ് അപേക്ഷകൾ ചവിട്ടിപ്പിടിക്കുന്ന വില്ലേജ് ഓഫീസർമാർ ഇനി കുടുങ്ങും. തീർപ്പാക്കൽ പുരോഗതി നിരീക്ഷിക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക സംവിധാനം ഏർപ്പെടുത്തും. പിഴവില്ലാത്ത പോക്കുവരവ് അപേക്ഷകൾ ഏഴ് ദിവസത്തിനകം തീർപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

ഓരോ താലൂക്കിലെയും പോക്കുവരവ് അപേക്ഷകളുടെ തീർപ്പാക്കൽ ഭൂരേഖ തഹസിൽദാർ നേരിട്ട് നിരീക്ഷിക്കണം. ആഴ്ച തോറും റിപ്പോർട്ടും തയ്യാറാക്കണം. ജില്ലാതലത്തിൽ എൽ.ആർ ഡെപ്യൂട്ടി കളക്ടർക്കും നിരീക്ഷണ ചുമതലയുണ്ട്. അപേക്ഷകളിൽ പോരായ്മകളോ പിഴവുകളോ ഉണ്ടെങ്കിൽ വില്ലേജ് ഓഫീസർ അപേക്ഷകന് പുറമേ സബ് രജിസ്ട്രാറെയും ബന്ധപ്പെട്ട് പരിഹരിക്കണം. ഓൺലൈൻ സംവിധാനം വന്നിട്ടും നിസാര കാര്യങ്ങൾ പറഞ്ഞ് പോക്കുവരവ് വൈകിപ്പിക്കുന്നുവെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ.

പോക്കുവരവ് അപേക്ഷകൾ 45 ദിവസത്തിനകം തീർപ്പാക്കിയാൽ മതിയെന്നാണ് സേവനാവകാശ നിയമത്തി​ലുള്ളത്. എന്നാൽ ഭൂമി രജിസ്റ്റർ ചെയ്യുന്നതിന് പിന്നാലെ വിവരങ്ങൾ വില്ലേജ് ഓഫീസർക്കും ലഭിക്കുന്ന ഓൺലൈൻ സംവിധാനം വന്നതോടെ പിഴവില്ലാത്ത പോക്കുവരവ് അപേക്ഷകൾ ഒരു ദിവസത്തിനകം തീർപ്പാക്കാം. എന്നിട്ടും ചില ഉദ്യോഗസ്ഥർ നടപടികൾ വൈകിപ്പിക്കുകയാണ്. ജില്ലയിൽ അയ്യായിരത്തോളം പോക്കുവരവ് അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്.

........................................

 പോക്കുവരവ് ഓൺലൈനായിട്ട് 8 വർഷം

 പിഴവില്ലാത്ത അപേക്ഷ ഒരു ദിവസം കൊണ്ട് തീർപ്പാക്കാം

 ജില്ലയിൽ കെട്ടിക്കിടക്കുന്നത് 5000 അപേക്ഷകൾ

 കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളും പരിശോധിക്കും

..........................................

തീർപ്പ് വൈകുന്നതിന്റെ കാരണങ്ങൾ

 പോക്കുവരവിനുള്ള അപേക്ഷയിലെ പിഴവുകൾ

 അപേക്ഷയും രജിസ്ട്രേഷൻ രേഖകളും തമ്മിലുള്ള അന്തരം
 അപേക്ഷയിൽ രേഖപ്പെടുത്തുന്നത് മറ്റ് ഫോൺനമ്പരുകൾ

 കൈക്കൂലിക്കായി ഉദ്യോഗസ്ഥർ ബോധപൂർവ്വം ചവിട്ടുന്നു

പൊതുജനങ്ങൾക്ക് പരമാവധി വേഗത്തിൽ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോക്കുവരവ് അപേക്ഷകളുടെ തീർപ്പാക്കൽ പുരോഗതി നിരീക്ഷിക്കുന്നത്

റവന്യു വകുപ്പ് അധികൃതർ