
കൊല്ലം: തിരക്കുകൾക്ക് അവധിനൽകി കുടുംബത്തോടൊപ്പം ഓണാഘോഷത്തിന്റെ ത്രില്ലിലാണ് കളക്ടർ എൻ. ദേവീദാസ്. വെള്ളിയാഴ്ച വൈകിട്ടോടെ ഭാര്യ ജീജയും മക്കളായ ചൈത്രക് ദേവും ദേവീമിത്രയുമെത്തിയിരുന്നു. അവരെയും കൂട്ടി ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രത്തിലെത്തി അന്തേവാസികൾക്കൊപ്പമായിരുന്നു ഉത്രാട സദ്യ. ഇന്ന് രാവിലെ കാസർകോട്ടു നിന്നു അമ്മ തങ്കമണിയും സഹോദരങ്ങൾ നവീൻദാസും ബേബി ലക്ഷ്മിയും അവരുടെ കുടുംബവുമെത്തും. തുടർന്നാണ് കളക്ടറുടെ ബംഗ്ളാവിൽ ശരിക്കും ഓണം.
കാസർകോട് തൃക്കരിപ്പൂർ മനിയേരി വീട്ടിൽ പരേതനായ ടി.നാരായണ പൊതുവാളിന്റെയും തങ്കമണിയുടെയും മൂന്ന് മക്കളിൽ മൂത്തയാളാണ് എൻ.ദേവീദാസ്. നാട്ടിൻപുറത്തിന്റെ നന്മകളോടൊപ്പമാണ് ദേവീദാസും സഹോദരങ്ങളും വളർന്നത്. പഴയ ഓണക്കാലത്ത് നാട്ടിലെ ക്ളബ്ബിൽ സജീവമായിരുന്നു ദേവീദാസ്. തെക്കുംപട്ട് യുവജന ഗ്രന്ഥാലയത്തിലെ ലൈബ്രേറിയനുമായിരുന്നു. ക്ളബ്ബും ഗ്രന്ഥശാലയുമൊക്കെ ഓണാഘോഷം സംഘടിപ്പിക്കുമ്പോൾ കലാ മത്സരങ്ങളിലെ മിന്നും താരമായിരുന്നു. സംഗീത മത്സരങ്ങളിൽ സമ്മാനങ്ങൾ മിക്കവയും നേടിയെടുക്കും. നാടക നടനുമാണ്. സർക്കാർ സർവീസിലെത്തിയപ്പോഴും നാട്ടിലെ ഓണപ്പരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു. ഐ.എ.എസ് ലഭിച്ചതോടെ പരിമിതികളും തിരക്കുകളുമേറി. എങ്കിലും ഓണം അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ആഘോഷിക്കുന്നതായിരുന്നു പതിവ്. ഇക്കുറി എല്ലാവരെയും കൊല്ലത്തേക്ക് ക്ഷണിച്ചു. സർക്കാർ ഹൈസ്കൂളിലെ അദ്ധ്യാപികയായ ഭാര്യ ജീജയും പ്ളസ് ടു വിദ്യാർത്ഥിയായ മകൻ ചൈത്രക് ദേവും ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയായ ദേവീമിത്രയുമാണ് നേരത്തെ എത്തിയത്. ഇന്നലെ വൈകിട്ടോടെ ഓണക്കോടി എടുക്കാൻ കൊല്ലത്തെ തുണിക്കടയിലും പോയി.
ഉത്രാടപ്പൂനിലാവ്...
സമുദ്രതീരത്തിലെ ഉത്രാട സദ്യയിൽ പങ്കെടുത്ത ശേഷം അന്തേവാസികളുമായി വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും കളക്ടറും കുടുംബവും ഏറെനേരം ചെലവഴിച്ചു. അന്തേവാസികളുടെ പാട്ടിന് താളം പിടിച്ചു. ഇതിനിടെ കളക്ടർ പാടണമെന്ന ആവശ്യമുയർന്നു. 'ഉത്രാടപ്പൂനിലാവേ വാ....' എന്ന പാട്ട് അദ്ദേഹം മധുരമായി പാടി. പാട്ടിനൊപ്പം താളം പിടിക്കാനും കൂടെപ്പാടാനും അന്തേവാസികളും തയ്യാറായപ്പോൾ ആഘോഷം ഉച്ചസ്ഥായിയിലായി. അന്തേവാസികൾക്ക് മധുര പലഹാരങ്ങളുമായിട്ടാണ് കളക്ടർ എത്തിയത്.