കൊല്ലം: പരാതി ആന്വേഷിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവർ പിടിയിൽ. ചവറ തട്ടോക്കുന്നിൽ റഫീക്കും(49) , പ്രായപൂർത്തിയാകാത്ത ഒരാളുമാണ് ചവറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ രാത്രിയിൽ ചവറ കൃഷ്ണൻ നടയ്ക്ക് സമീപം സ്ത്രീകളെ ആക്രമിക്കുന്നുവെന്ന് കൺട്രോൾ റൂമിൽ ലഭിച്ച വിവരം അന്വേഷിക്കാൻ എത്തിയ ചവറ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് റഫീക്കിന്റെ നേത്യത്വത്തിൽ ആക്രമിച്ചത്. റഫീക്കിന്റെ സഹോദരനെതിരെ അയൽവാസിയായ യുവതി പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധത്തിൽ യുവതിയെ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥരുടെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചവറ ഇൻസ്‌​പെക്ടർ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, പ്രദീപ്, എസ്.സി.പി.ഒമാരായ അനിൽ, മനീഷ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.