കുന്നത്തൂർ: ഉത്രാടദിനത്തിൽ തൂശനിലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ സദ്യയുണ്ട് ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ വാനരപ്പടയുടെ ഓണാഘോഷത്തിന് തുടക്കമായി.ധർമ്മശാസ്താവിന്റെ തോഴന്മാരായ വാനരന്മാർക്കായി കുത്തരിച്ചോറും പരിപ്പും പപ്പടവും പച്ചടിയും കിച്ചടിയും അവിയലും തോരനും കാളനും ഓലനും അടക്കമുള്ള വിഭവങ്ങൾ രാവിലെ 10.30 ഓടെ തൂശനിലയിൽ നിരന്നു.വാനര ഭോജനശാലയിൽ വിഭവങ്ങൾ വിളമ്പിയശേഷം എല്ലാവരെയും അവിടേക്ക് ക്ഷണിച്ചു. കൂട്ടത്തിലെ തല മുതിർന്നവർ ആദ്യമെത്തി ഭക്ഷണം രുചിച്ചു നോക്കിയ ശേഷം കുഴപ്പമില്ലെന്ന് അറിയിച്ചാൽ മാത്രമേ മറ്റുള്ളവരെത്തുകയുള്ളു എന്ന പതിവ് ഇക്കുറിയും തെറ്റിച്ചില്ല. കൂട്ടത്തിലെ മൂപ്പന്മാരായ സുലുവും രാജുവും പാച്ചുവുമെത്തി സദ്യ രുചിച്ചു നോക്കി.കുഴപ്പമില്ലെന്ന് ഇവർ തലയാട്ടിയതോടെ മറ്റുള്ളവർ കുതിച്ചെത്തി.എന്നാൽ മൂപ്പന്മാർ കുട്ടി കുരങ്ങുകളെ ആട്ടിയോടിക്കുന്നതും കാണാമായിരുന്നു.ഇവർക്കായി മറ്റൊരിടത്ത് സദ്യ വിളമ്പി നൽകി. പായസവും പഴവുമാണ് കൂടുതൽ പേർക്കും ഇഷ്ടമായത്. വാരിയെറിഞ്ഞും കലഹിച്ചും ആസ്വദിച്ചുമെല്ലാം സദ്യയുണ്ണാൻ അവർക്ക് രണ്ടു മണിക്കൂറോളം വേണ്ടിവന്നു. വാനരന്മാർ സദ്യയുണ്ണുന്നത് കാണാൻ നിരവധി ഭക്തരും ക്ഷേത്രത്തിൽ എത്തിയിരുന്നു.മനക്കര ശ്രീശൈലത്തിൽ എം.വി അരവിന്ദാക്ഷൻ പിള്ളയുടെ വകയായിട്ടാണ് ഉത്രാട സദ്യ ഒരുക്കിയത്.തിരുവോണദിനമായ ഞായറാഴ്ചയും വാനരന്മാർക്ക് വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്.