
അഞ്ചാലുംമൂട്: കുരീപ്പുഴ കളീലിൽ പടിഞ്ഞാറ്റതിൽ - പാണമുക്കത്ത് ബോട്ടുജെട്ടി റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കോർപ്പറേഷൻ അധീനതയിലുള്ള റോഡിൽ ചെറുതും വലുതുമായ കുഴികളാണ് കൂടുതലുള്ളത്.
ഒരു കിലോ മീറ്റർ വരുന്ന റോഡിലെ ടാറിംഗ് പൂർണമായി തകർന്നു. മുപ്പതിൽ അധികം വീടുകളും ഒരു റിസോർട്ടും മൂന്ന് ഹോം സ്‌റ്റേകളും ഉൾപ്പടെയാണ് പാണമുക്കം ബോട്ട് ജെട്ടിക്ക് സമീപത്തുള്ളത്. ഇവിടുള്ളവർക്ക് കൊല്ലത്തേക്കും അഞ്ചാലുംമൂട്ടിലേക്കും പോകുന്നതിനുള്ള ഏക വഴിയും ഈ റോഡാണ്. നിത്യേന നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. രാത്രിയിൽ ഇതുവഴിയുള്ള യാത്ര തീർത്തും ദുഷ്‌കരമാണെന്ന് നാട്ടുകാർ പറയുന്നു.
മഴ പെയ്താൽ റോഡിൽ നിറയെ വെള്ളക്കെട്ടാണ്. ഇത് മൂലം റോഡിലെ കുഴികളിൽ വെള്ളം നിറയുകയും വാഹനങ്ങൾ കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും സ്ഥിരം സംഭവമാണ്. മൂന്ന് ദിവസം മുമ്പ് പെയ്ത മഴയിലെ വെള്ളക്കെട്ട് റോഡിൽ നിന്ന് ഇതുവരെ മാറിയിട്ടില്ല.
റോഡിലെ കുഴികളിൽ വീണ് സ്ത്രീകളടക്കമുള്ള ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്ന സ്ഥിതിയുമുണ്ട്. കാൽനടയാത്ര പോലും അസാദ്ധ്യമായിരിക്കുകയാണ് റോഡിൽ. നിറയെ കുഴികളായതിനാൽ പാണമുക്കം ബോട്ട് ജെട്ടി റോഡിലേക്ക് ഓട്ടം വരാൻ ഓട്ടോറിക്ഷക്കാർ മടി കാണിക്കുന്നായും പരാതിയുണ്ട്.
അത്യാസന്ന നിലയിലുള്ള രോഗിയുമായി ആശുപത്രിയിലേക്കുൾപ്പെടെ സഞ്ചരിക്കണമെങ്കിൽ കുഴിയിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. പലതവണ കോർപ്പറേഷൻ അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
റോഡ് ടാർ ചെയ്യാൻ ഫണ്ടിന്റെ അപര്യാപ്തത നിലവിലുണ്ട്. റോഡ് പുനർ നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി.
കോർപ്പറേഷൻ അധികൃതർ