കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മാണത്തിന് വാങ്ങാൻ ലക്ഷ്യമിടുന്ന മുണ്ടയ്ക്കലിൽ നേരത്തെ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന ഭൂമിയുടെ വില നിർണയിക്കാൻ എൽ.എ വൺ സ്പെഷ്യൽ തഹസിൽദാരെ കളക്ടർ ചുമതലപ്പെടുത്തി.

ആദ്യം ചുമതലപ്പെടുത്തിയ മുണ്ടയ്ക്കൽ വില്ലേജ് ഓഫീസറും കൊല്ലം തഹസിൽദാരും കുറഞ്ഞ വില നിശ്ചയിച്ച് ഭൂമി വാങ്ങൽ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. മുണ്ടയ്ക്കലിന് സമീപം കച്ചിക്കടവ് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കുന്നത് എൽ.എ വൺ സ്പെഷ്യൽ തഹസിൽദാർ ഓഫീസാണ്. ഇതിന് പുറമേ പോളയത്തോട് ആർ.ഒ.ബി നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കൽ ചുമതലയും ഈ ഓഫീസിനാണ്.

അതുകൊണ്ടാണ് തൊട്ടടുത്തുള്ള ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന ഭൂമിയുടെ വില നിർണയ ചുമതലയും ഈ ഓഫീസിന് കൈമാറിയിരിക്കുന്നത്. എൽ.എ ഡെപ്യൂട്ടി കളക്ടറുടെയും എൽ.എ വൺ സ്പെഷ്യൽ തഹസിൽദാരുടെയും നേതൃത്വത്തിലുള്ള സംഘം വൈകാതെ സ്ഥലം സന്ദർശിക്കുന്നതിനൊപ്പം സമാനമായ പ്രമാണങ്ങളും പരിശോധിച്ച് ഭൂമിയുടെ വില നിർണയിക്കും.

കളക്ടറുടെ ഇടപെടൽ നിർണായകം

 നിലവിൽ മുണ്ടയ്ക്കൽ വില്ലേജ് ഓഫീസർ സെന്റിന് 2.25 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്

 തഹസിൽദാരും സമാനമായ റിപ്പോർട്ട് ആവർത്തിച്ചു

 2019ൽ കോർപ്പറേഷൻ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചപ്പോൾ തഹസിൽദാർ സെന്റിന് 3.5 ലക്ഷം രൂപയാണ് വില നിശ്ചയിച്ചത്

 മുണ്ടയ്ക്കൽ വില്ലേജ് ഓഫീസർ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ വില സ്പെഷ്യൽ തഹസിൽദാർ നിർണയിക്കുകയാണെങ്കിൽ ആ വില അടിസ്ഥാനമാക്കി കളക്ടർ സ്ഥലമുടയുമായി ചർച്ച നടത്തും

 സ്ഥലമുടമ വഴങ്ങുകയാണെങ്കിൽ വില അന്തിമമാക്കി സർക്കാരിന് റിപ്പോർട്ട് നൽകും

 തുടർന്ന് സർക്കാർ ഭൂമി വാങ്ങാനുള്ള അനുമതി ഓപ്പൺ യൂണിവേഴ്സിറ്റിക്ക് നൽകും

ആസ്ഥാന മന്ദിരത്തിന് ഭൂമി വാങ്ങാൻ നിലവിൽ 35 കോടി രൂപ സംസ്ഥാന സർക്കാർ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് അനുവദിച്ചിട്ടുണ്ട്.

ഓപ്പൺ യൂണി. അധികൃതർ