പുനലൂർ: ഓണാഘോഷത്തിന്റെ ഭാഗമായി തെന്മല ഇക്കോ ടൂറിസം മേഖലയിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. തിരുവോണ നാളിൽ തിരക്ക് കുറഞ്ഞ ടൂറിസ്റ്റ് മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ടൂറിസ്റ്റുകളുടെ തിരക്ക് വർദ്ധിച്ചത്. കേരളത്തിന് പുറമെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് തെന്മല ഇക്കോ ടൂറിസം മേഖലയിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഓണത്തിന്റെ മുന്നോടിയായി വാട്ടർ ഫൗണ്ടൻ നവീകരിച്ചിരുന്നു. ഇത് കൂടാതെ ലഷർ സോൺ, അഡ്വഞ്ചർ സോൺ, മാൻ പാർക്ക്, ലുക്ക് ഔട്ട്, ഉല്ലാസ ബോട്ട് യാത്ര, കുട്ട വഞ്ചി യാത്ര അടക്കം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ബൃഹത്തായ പദ്ധതികളാണ് ടൂറിസ്റ്റ് മേഖലയിൽ സജ്ജമാക്കിയിട്ടുള്ളത്.
കാട്ടാന,പുലി, കടുവ, കാട്ടുപോത്ത്
തെന്മല പരപ്പാർ അണക്കെട്ടും കാനന ഭംഗിയും വന്യമൃഗങ്ങളും വള്ളംവെട്ടിയിലെ എർത്ത് ഡാമിൽ താത്കാലികമായി സജ്ജമാക്കിയിട്ടുള്ള ബോർട്ട് യാഡിൽ നിന്നുള്ള ഉല്ലാസ ബോട്ട് യാത്രയും കുട്ട വഞ്ചി യാത്രയുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇവിടാണ് കുട്ടികളും മുതിർന്നവരും അടക്കം ഏറ്റവം കൂടുതൽ വിനോദ സഞ്ചാരികൾ എത്തിക്കൊണ്ടിരിക്കുന്നത്. ജലാശയത്തിലെ ഉല്ലാസ ബോട്ട് യാത്രക്കിടെ കാട്ടാന,പുലി, കടുവ, കാട്ടുപോത്ത്, കരടി അടക്കമുള്ള വന്യമൃഗങ്ങളെയും നേരിൽ കാണാൻ കഴിയും. .
വികസനമില്ല
സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനോ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ ഇവിടെ സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന പരാതിയുണ്ട്. വനം, ടൂറിസം, ജലസേചനം തുടങ്ങിയ വകുപ്പുകൾ തമ്മിലുള്ള ശീത സമരമാണ് വികസനങ്ങൾക്ക് തടസമാകുന്നതെന്ന ആരോപണവുമുണ്ട്.