പുത്തൂർ. ജന്മനാ കാലുകൾക്ക് സ്വാധീനക്കുറവ് ഉണ്ടായിരുന്ന പവിത്രേശ്വരം മാറനാട് സ്വദേശിനി ചിത്രയ്ക്കും കുടുംബത്തിനും വീടും സ്ഥലവും കൈമാറി ‘പുത്തൂർ ഫ്രണ്ട്‌സ്’ കൂട്ടായ്മ. ചിത്രയെ കൈക്കുഞ്ഞിനെ പോലെ എടുത്തുകൊണ്ടു നടന്നു പരിചരിക്കാൻ മടിയില്ലാത്ത ഭർത്താവ് വിശാഖിനെ കുറിച്ച് പത്ര വാർത്തകളിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും ആണ് പുത്തൂർ ഫ്രണ്ട്‌സ് ഫേസ്ബുക്ക്, വാട്സ്ആപ്പ് കൂട്ടായ്മ പ്രവർത്തകർ അറിഞ്ഞത്. തുടർന്ന് ഇവർക്കായി പുത്തൂർ ഫ്രണ്ട്‌സ് ശേഖരിച്ച ചാരിറ്റി ഫണ്ടിലൂടെ പത്തനംതിട്ട ജില്ലയിലെ ഇളമണ്ണൂരിൽ എളമണ്ണൂരിൽ 4 സെന്റ് സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ച് നൽകുകയായിരുന്നു. 6.5 ലക്ഷം രൂപ ചെലവിട്ട് രണ്ട് ബെഡ്റൂം, ഒരു ഹാൾ, അടുക്കള, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു വീടാണ് ഇവർക്കായി നിർമ്മിച്ചു നൽകിയത്. ടാപ്പിംഗ് തൊഴിലാളിയായ വിശാഖിന്റെ തുച്ഛമായ വരുമാനം കൊണ്ടായിരുന്നു ഇവരുടെ ജീവിതം. പവിത്രേശ്വരം പഞ്ചായത്തിലെ കിഴക്കേ മാറനാട് പുത്തൻവിള എന്ന വാടക വീട്ടിലായിരുന്നു വിശാഖും (40) ഭാര്യ ചിത്രയും (39) മൂന്നര വയസുള്ള മകനും താമസിച്ചിരുന്നത്. പുത്തൂർ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ കൺവീനറും യു.കെ മലയാളിയുമായ ബിജു കുളങ്ങരയുടെ നേതൃത്വത്തിൽ ഒരു സംഘം സുമനസുകൾ ഇവരെ ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടു വന്നത്. വീട് നിർമ്മാണത്തിനുള്ള 4 സെന്റ് സ്ഥലം മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദീകനും ചാരിറ്റി പ്രവർത്തകനുമായ ഫാ. റിഞ്ചു പി കോശി മുഖേന അമേരിക്കയിൽ സ്ഥിര താമസമാക്കിയ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പത്തനംതിട്ട സ്വദേശി സൗജന്യമായി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇളമണ്ണൂരിൽ നടന്ന ചടങ്ങിൽ ബിജു കുളങ്ങര വീടിന്റെ താക്കോൽ ചിത്രയ്ക്ക് കൈമാറി. ഫാ. റിഞ്ചു പി കോശി, പുത്തൂർ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ കോർഡിനേറ്റർ എബി പുന്തല, അഡ്മിന്മാരായ അരുൺ അനിൽ പുത്തൂർ, പ്രശാന്ത് മൈലംകുളം, അമൽ ചെറുപൊയ്ക, എസ്. അഖിലേഷ് കുമാർ എന്നിവർ പങ്കെടുത്തു. പുത്തൂർസിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് കൂട്ടായ്മയുടെ അഡ്മിന്മാരായ സിജു ജോർജ്, സിജു രാജു പുത്തൂർ, സിനി മത്തായി, ദീപു രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.