പത്തനാപുരം: മഴയും വെയിലുമേറ്റ് കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന ചെല്ലപ്പന് (55) അഭയമായി ഗാന്ധിഭവൻ. പത്തനാപുരത്തും പരിസരപ്രദേശങ്ങളിലുമായി താടിയും മുടിയും വളർത്തി പ്രാകൃതരൂപത്തിൽ അലഞ്ഞുനടന്ന മദ്ധ്യവയസ്‌കന്റെ ദയനീയാവസ്ഥ കണ്ട് സാമൂഹ്യപ്രവർത്തകർ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനെ വിവരമറിയിച്ചു. തിരുവോണദിനത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മോഹനൻ, സേവനപ്രവർത്തകരായ ജോളി ഫിലിപ്പ്, കിരൺ എന്നിവർ സ്ഥലത്തെത്തി ചെല്ലപ്പനെ ഏറ്റെടുത്തു. മാനസികാസ്വാസ്ഥ്യമുള്ളതിനാൽചെല്ലപ്പന് ആരെയും തിരിച്ചറിയാൻ കഴിയുന്നില്ല. ചെല്ലപ്പൻ വർഷങ്ങൾക്കുമുമ്പ് ഗാന്ധിഭവനിൽ അഭയം തേടിയിരുന്നു. എന്നാൽ സുഖം പ്രാപിച്ചശേഷം തിരികെ വീട്ടിലേക്കു പോയതാണ്. ഏക ആശ്രയമായിരുന്ന അമ്മയുടെ വിയോഗം ചെല്ലപ്പനെ വീണ്ടും മാനസികമായി തളർത്തി. വിവാഹിതയായ ഏക സഹോദരി അസുഖബാധിതയായി കിടപ്പിലാണ്. ആരും നോക്കാനില്ലാത്ത സാഹചര്യത്തിലാണ് ചെല്ലപ്പൻ വീടുവിട്ടിറങ്ങി അലഞ്ഞുനടക്കാൻ തുടങ്ങിയത്. കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്.