കൊല്ലം: പഠിച്ച് ഐ.എ.എസുകാരിയാകണം, അതിന് മുന്നോടിയായി കളക്ടറെ കണ്ട് സംസാരിക്കണം. കൊല്ലം ചൈൽഡ് ലൈൻ സൂപ്പർ വൈസർക്ക് ലഭിച്ച കത്തിലെ വരികളാണിത്. പരവൂർ പൂതക്കുളം ഗവ.എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരിയായ അജിനയാണ് തന്റെ ആഗ്രഹം കത്തിലൂടെ അറിയിച്ചത്.
കത്ത് ലഭിച്ച അന്ന് തന്നെ സി.ഡബ്ല്യു.സി ചെയർമാൻ സനിൽ വെള്ളിമണിന്റെ നിർദ്ദേശപ്രകാരം അലൻ.എം.അലക്‌സാണ്ടർ വിവരം കളക്ടർ എൻ.ദേവിദാസിനെ അറിയിക്കുകയും കത്ത് കൈമാറുകയും ചെയ്തു. ഇതിന് മറുപടിയായി അജിനയെ കാണാൻ എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും കളക്ടർ മറുപടി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സി.ഡബ്ല്യു.സി അധികൃതർ കുട്ടിയുമായി ഇന്നലെ കളക്ടറുടെ ചേംബറിലെത്തി. സിവിൽ സർവീസ് നേടുന്നതിനുള്ള വഴികളും മാർഗനിർദ്ദേശങ്ങളും തന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളും കുട്ടിയുമായി അദ്ദേഹം പങ്കുവച്ചു.
ജന ക്ഷേമത്തിനായും നാടിന് കൈത്താങ്ങായും കൂടെയുണ്ടാകണമെന്നും പത്രങ്ങൾ നിത്യേന വായിക്കണമെന്നും ഐ.എ.എസ് എന്നത് അധികാരമല്ല ജനസേവനമാണെന്നും കളക്ടർ വിശദീകരിച്ചു. സി.ഡബ്ല്യു.സി മെമ്പർ അലൻ, ചൈൽഡ് ഹെൽപ്പ്ലൈൻ സൂപ്പർ വൈസർ ഷഫ്‌ന, അശ്വതി എന്നിവർക്കൊപ്പമാണ് അജിന കളക്ടറെ കാണാനെത്തിയത്.