കിഴക്കേകല്ലട: അഞ്ച് വർഷം മുമ്പ് ആരംഭിച്ച് പാതിവഴിയിൽ കോൺട്രാക്ടർ ഉപേക്ഷിച്ച് റീടെണ്ടറിൽ നിർമ്മാണം നടക്കുന്ന കുണ്ടറ - മൺറോത്തുരുത്ത് റോഡ് പണിയിൽ അപാകതകളേറെ.
ചിറ്റുമലയിൽ നിന്ന് മൺറോത്തുരുത്ത് കാനറ ബാങ്ക് പേഴുംതുരുത്ത് റോഡിൽ ഒന്നാം ഘട്ട ടാറിംഗ് പൂർത്തീകരിച്ചപ്പോഴാണ് അപാകതൾ ശ്രദ്ധയിൽപ്പെട്ടത്.
ചിറ്റുമലയിലെ സഹകരണ സംഘത്തിന് സമീപവും കോടിയാട്ട് മുക്ക്, ഉപഹാര മാതാ ഹോസ്പിറ്റലിന് സമീപമുള്ള വളവ്, കൊടുവിള ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ചെറിയ മഴ പെയ്താൽ പോലും വലിയ വെള്ളക്കെട്ട് രൂപപ്പെടും. ഇതുമൂലം ഇവിടങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അപകടപ്പെടുന്നത് നിത്യസംഭവമാണ്.
സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് കിഴക്കുള്ള ചെറിയ വളവിൽ റോഡിന്റെ വശങ്ങളിൽ ടാറിംഗ് ഉയർന്നുനിൽക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. തിരുവോണ ദിവസവും രണ്ട് ബൈക്കുകൾ അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.
റോഡിന്റെ വശങ്ങളിൽ വെള്ളം കുത്തിയൊലിക്കുന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യണമെന്ന് നാട്ടുകാർ കെ.ആർ.എഫ്.ബി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കോടികൾ മുടക്കി നിർമ്മിക്കുന്ന റോഡ് അപാകതകളില്ലാതെ അപകടരഹിതമാക്കണം.
നാട്ടുകാർ