കൊട്ടാരക്കര: കൊട്ടാരക്കര- പുത്തൂർ റോഡിൽ ഓണക്കാലത്തിന്റെ ഭാഗമായി നടത്തിയ അറ്റകുറ്റപ്പണികൾ പ്രഹസനമായി. റോഡ് നിറയെ വീണ്ടും കുഴികൾ രൂപപ്പെട്ടു. ഏറെക്കാലമായി ഈ റോഡിൽ ദുരിതാവസ്ഥയാണ്. മുസ്ളീം സ്ട്രീറ്റ് ഭാഗത്തായിരുന്നു കൂടുതൽ ദുരിതാവസ്ഥ. ഇവിടെ 12 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനം നടത്തിയത് വലിയ ആശ്വാസമായിരുന്നു. ഇന്റർലോക്ക് പാകിയാണ് ഇവിടെ ശാശ്വത പരിഹാരമുണ്ടാക്കിയത്. ശേഷിച്ച പല ഭാഗത്തായി കുഴിയടയ്ക്കൽ നടത്തിയതാണ് തീർത്തും പ്രഹസനമായി മാറിയത്. ടാറിംഗിന്റെ ചൂടാറും മുമ്പെ ഇളകിത്തുടങ്ങി. മുസ്ളീം സ്ട്രീറ്റ് മുതൽ അവണൂർ വരെയുള്ള ഭാഗത്ത് കുഴികളിൽ മെറ്റൽ ഇടുക മാത്രമാണുണ്ടായത്. ഇതെല്ലാം ഇളകിത്തെറിക്കുകയാണ്. ഓണക്കാലത്ത് റോഡിൽ തിരക്കേറിയപ്പോൾ മെറ്റൽ ഇളകി തെറിക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നു.

ആ പദ്ധതി എവിടെ?

  1. കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട മുതൽ - കൊട്ടാരക്കര - നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണത്തിനായി 20.80 കോടി രൂപ അനുവദിച്ചിരുന്നു.
  2. കഴി‌ഞ്ഞ സർക്കാരിന്റെ കാലത്താണ് തുക അനുവദിച്ചതും നിർമ്മാണം തുടങ്ങിയതും.
  3. എന്നാൽ നാളിതുവരെ നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
  4. ഈ പദ്ധതി എവിടെയെന്ന ചോദ്യത്തിന് ആരും ഉത്തരവും നൽകുന്നില്ല.