
കൊല്ലം: കഥാകൃത്തായ യുവതിയെ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് കണ്ടെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സംവിധായകൻ വി.കെ. പ്രകാശ്. കൊല്ലം പള്ളിത്തോട്ടം പൊലീസിനാണ് വി.കെ. പ്രകാശ് മൊഴി നൽകിയത്. ടാക്സി കൂലിയായിട്ടാണ് യുവതിക്ക് തന്റെ ഡ്രൈവർ മുഖേന 10000 രൂപ നൽകിയത്.
ഇന്നലെയാണ് വി.കെ. പ്രകാശ് അന്വേഷണ ഉദ്യോഗസ്ഥനായ പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ബി. ഷഫീഖിന് മുന്നിൽ ഹാജരായത്. ഇന്നും നാളെയും കൂടി മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടും. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന വ്യവസ്ഥയോടെ വി.കെ. പ്രകാശിന് കഴിഞ്ഞയാഴ്ച ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
2022 ഏപ്രിലിൽ കഥ കേൾക്കാനായി ഹോട്ടലിലേക്ക് വിളിപ്പിച്ച ശേഷം വി.കെ. പ്രകാശ് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. പരാതിയിൽ ഗൂഢാലോചനയുണ്ടോയെന്ന് അറിയില്ലെന്ന് വി.കെ. പ്രകാശ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിൽ നിയമപരമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.