തള്ളുന്നത് ഹോട്ടൽ മാലിന്യം ഉൾപ്പടെ
കൊല്ലം: മാലിന്യ നിക്ഷേപ കേന്ദ്രമായി കുരീപ്പുഴ പാലമൂട് നഗർ. ബൈപ്പാസിൽ ധന്യ സൂപ്പർമാർക്കറ്റിന് സമീപം വലതുവശത്തെ വഴിയാണ് (ചെല്ലന്റെ വഴി) നീരാവിൽ ജംഗ്ഷനിലേക്ക് പോകാൻ കൂടുതൽ ആളുകളും ഉപയോഗിക്കുന്നത്. ഈ വഴിയുടെ പലഭാഗത്തായാണ് ചാക്കുകളിലും പ്ലാസ്റ്റിക്ക് കിറ്റുകളിലും മാലിന്യം തള്ളുന്നത്.
ഹോട്ടലുകളിൽ നിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും കുട്ടികളുടെ ഡയപ്പറുകളും ഉൾപ്പടെയാണ് ഇവിടെ ഉപേക്ഷിക്കുന്നത്. ആളൊഴിഞ്ഞ വീടുകളിലേക്കും പുരയിടങ്ങളിലേക്കും മാലിന്യം വലിച്ചെറിയുന്നതും പതിവാണ്. വർഷങ്ങൾക്ക് മുമ്പ് പ്രദേശത്തെ തെരുവുവിളക്ക് അണഞ്ഞതോടെയാണ് മാലിന്യം തള്ളൽ തുടങ്ങിയത്. പിന്നീട് തെരുവ് വിളക്ക് ശരിയാക്കിയെങ്കിലും മാലിന്യപ്രശ്നത്തിനുമാത്രം പരിഹാരമായില്ല. ആദ്യമൊക്കെ അറവുമാലിന്യമായിരുന്നു തള്ളിയിരുന്നത്. എന്നാലിപ്പോൾ ഇതുവഴിയുള്ള കാൽനട പോലും ദുസഹമാണ്. നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്.
മഴ പെയ്താൽ ഇരട്ടി ദുരന്തം
രാത്രിയും പുലർച്ചയുമാണ് മാലിന്യം തള്ളൽ. മഴസമയത്ത് മാലിന്യം അഴുകി പരിസരമാകെ ദുർഗന്ധം നിറയും. കൂടാതെ മലിനജലം റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തും. പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്. ആഹാരാവശിഷ്ടങ്ങൾ തേടിയെത്തുന്ന തെരുവുനായ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ഇവ ഇരുചക്ര വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടുന്നത് അപകടം ഉണ്ടാകാനുള്ള സാദ്ധ്യതയും വർദ്ധിപ്പിച്ചു.
റോഡിന് ഇരുവശത്തുമായി നിരവധി കുടുംബങ്ങളാണുള്ളത്. ദുർഗന്ധം കാരണം ഇതുവഴി പോകാൻ കഴിയാത്ത അവസ്ഥയാണ്. മാലിന്യം തള്ളുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം.
സുനിൽ, പ്രദേശവാസി
എത്ര വൃത്തിയാക്കിയാലും പിറ്റേന്ന് വീണ്ടും മാലിന്യം കുന്നുകൂടുന്ന അവസ്ഥയാണ്. ആളുകളുടെ മനോഭാവമാണ് ദുരവസ്ഥയ്ക്ക് കാരണം.
ഗിരിജ തുളസി, കൗൺസിലർ, കുരീപ്പുഴ ഡിവിഷൻ