digi
ഡിജിറ്റൽ സർവേ

കൊല്ലം: ജില്ലയിലെ 12 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായെങ്കിലും, പ്രസി​ദ്ധീകരി​ച്ച രേഖകൾ 30 ശതമാനം ഭൂവുടമകൾ പരിശോധിക്കാത്തതിനാൽ റിപ്പോർട്ട് അന്തിമമാക്കി റവന്യു അധി​കൃതർക്ക് കൈമാറുന്നത് പ്രതിസന്ധിയിൽ. അന്തിമമാക്കുന്ന ഡിജിറ്റൽ സർവേ രേഖകളിൽ തിരുത്തലുകൾ ഒഴി​വാക്കാനാണ് ഇവ പരി​ശോധനയ്ക്കായി​ പ്രസി​ദ്ധീകരി​ച്ചത്.

നൂറ് ശതമാനം കൃത്യതയോടെ ഡിജിറ്റൽ സർവേ റിപ്പോർട്ട് റവന്യു അധികൃതർക്ക് കൈമാറണമെന്നാണ് മാർഗരേഖയിൽ പറയുന്നത്. പൂർത്തിയാക്കിയ സർവേയുടെ വിവരങ്ങളടങ്ങിയ 9 (2) വിജ്ഞാപനം വില്ലേജ് ഓഫീസുകളിലും വാർഡ് തലത്തിൽ പ്രധാന കേന്ദ്രങ്ങളിലും പരിശോധനയ്ക്കായി വച്ചിട്ടുണ്ട്. എന്നാൽ ആറുമാസം മുമ്പ് പ്രസിദ്ധീകരിച്ച സ്ഥലങ്ങളിൽ പോലും രേഖകൾ പരിശോധിക്കാൻ ആളെത്താനുണ്ട്. അതി​നാൽ ആറുമാസം കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട ആദ്യഘട്ട ഡിജിറ്റൽ സർവേ ഒന്നേമുക്കാൽ വർഷം കഴിഞ്ഞിട്ടും അന്തിമമാക്കാൻ കഴിഞ്ഞിട്ടില്ല.

വഴി​മുടക്കുന്നത് 30 ശതമാനം

 സ്ഥലത്തില്ലാത്ത ഭൂവുടമകൾ

 വീട് വാടകയ്ക്ക് നൽകിയിരിക്കുന്നവർ

 ഇവിടങ്ങളിലെ സർവേ റവന്യു രേഖകൾ അടിസ്ഥാനമാക്കി

 റവന്യു രേഖകളിൽ മുൻ ഉടമകളുടെ പേര്
 ഭൂമി പലതവണ കൈമറിഞ്ഞതിനാൽ ഉടമയെ കണ്ടെത്താനാകുന്നില്ല

 ഗ്രാമങ്ങളിൽ ഒരു വില്ലേജിൽ ശരാശരി 15,000 പ്ലോട്ടുകൾ

 നഗരങ്ങളിൽ ശരാശരി 20,000 പ്ലോട്ടുകൾ

 ആക്ഷേപങ്ങൾ പരിഹരിക്കുന്നില്ലെന്ന് ആരോപണം

 നിലവിൽ സർവേ നടക്കുന്നത് 10 വില്ലേജുകളിൽ

 ആറ് വില്ലേജുകളിൽ ഉടൻ ആരംഭിക്കും

സർവേ പൂർത്തിയായ വില്ലേജുകൾ
 കിളികൊല്ലൂർ  മങ്ങാട്  കൊറ്റങ്കര  കല്ലേലിഭാഗം  കുലശേഖരപുരം  തൊടിയൂർ  തലവൂർ  വിളക്കുടി  പത്തനാപുരം  ഇടമൺ  വാളക്കോട്  പുനലൂർ

9 (2) വിജ്ഞാപനം ഇനിയും പരിശോധിക്കാത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പരാതികൾ പരമാവധി പരിഹരിച്ച് ഡിജിറ്റൽ സർവേ വിവരം റവന്യു അധികൃതർക്ക് കൈമാറുകയാണ് ലക്ഷ്യം.

സബീന, ഹെഡ് സർവേയർ