road
വെള്ളക്കെട്ട്

കൊട്ടിയം: നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയപാത 66ന്റെ ഓരങ്ങളിൽ വ്യാപകമായി രൂപപ്പെട്ടിരിക്കുന്ന കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെറ്റുപെരുകുന്നത് ഗുരുതരമായ പകർച്ചാവ്യാധി ഭീഷണി ഉയർത്തുന്നു. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പലതവണ ആവശ്യപ്പെട്ടിട്ടും കരാർ കമ്പനി അധികൃതർക്ക് കുലുക്കമില്ല.

അടിപ്പാത, ഓട, അടിപ്പാതയുടെ പൈലിംഗ് എന്നിവയ്ക്കായെടുത്ത കുഴികളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. അടിപ്പാതയുടെ അപ്രോച്ച് റോഡിന്റെ ആർ.ഇ വാൾ നിർമ്മാണത്തിനായി പലയിടങ്ങളിലും 200 മീറ്റർ വരെ നീളത്തിലാണ് കുഴിയെടുത്തിരിക്കുന്നത്. ഇവിടങ്ങളിൽ തോട് പോലെയാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ഇതിൽ കൊതുക് പെറ്റുപെരുകുന്നതിന് പുറമേ വശങ്ങളിൽ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ യാത്രക്കാർ വീണ് പരിക്കേൽക്കാനുള്ള സാദ്ധ്യതയുമുണ്ട്. നിർമ്മാണത്തിന്റെ ഭാഗമായി തെരുവ് വിളക്കുകളെല്ലാം നീക്കിയതോടെ ദേശീയപാത ഓരത്തെങ്ങും വെളിച്ചവുമില്ല.

തുടർച്ചയായി മഴ പെയ്യുന്നതിനാൽ പലയിടങ്ങളിലും കഴിഞ്ഞ ആറ് മാസമായി വെള്ളം കെട്ടിക്കിടക്കുകയാണ്. ആർ.ഇ വാൾ സ്ഥാപിക്കുന്നതിനാൽ കുഴികളിലെ മണ്ണ് ശക്തമായി ഉറപ്പിച്ചിട്ടുള്ളതിനാൽ വെള്ളം അടിയിലേക്ക് ആഴ്ന്നിറങ്ങാനും ഏറെ സമയമെടുക്കും. നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലങ്ങളിലെ വെള്ളം മാത്രമാണ് തൊഴിലാളികൾ കോരി നീക്കുന്നത്. പല സ്ഥലങ്ങളിൽ ഒരുമിച്ച് നിർമ്മാണം ആരംഭിച്ച ശേഷം പൂർത്തിയാക്കാതിരിക്കുന്നതാണ് വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിന്റെ പ്രധാന കാരണം.

പൈലിംഗ് കുഴികൾ വെള്ളക്കെട്ട്

 ദേശീയപാതയോരത്ത് വ്യാപക വെള്ളക്കെട്ട്

 നിർമ്മാണത്തിനെടുത്ത കുഴികളിൽ കൊതുക് പെരുകുന്നു

 സമീപത്തുള്ളവർ പകർച്ചാവ്യാധി ഭീഷണിയിൽ

 ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടും ഫലമില്ല

പ്രശ്നം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അദ്ദേഹം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും കരാർ കമ്പനി അധികൃതരുടെയും യോഗം വിളിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾക്ക് നിർദ്ദേശിച്ചിരുന്നതാണ്.

ഡോ. എം.എസ്.അനു, ഡി.എം.ഒ