ചാത്തന്നൂർ: നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ്‌ ആൻഡ് ലൈബ്രറിയുടെ 44-ാമത് വാർഷികവും ഓണാഘോഷവും വിവിധ കലാ-കായിക പരിപാടികളും ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ അനിൽ കുമാർ അദ്ധ്യക്ഷനായി.

നടയ്ക്കൽപ്രഭ പുരസ്കാരം നാടക - സിനിമ - സീരിയൽ രചയിതാവ് രാജൻ കിഴക്കനേലയ്ക്ക് നൽകി. എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയവർ, കായികരംഗത്ത് ജില്ലാ- സംസ്ഥാന വിജയികൾ, പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ, കായിക പരിശീലകൻ ബിജു സരോജ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ലൈബ്രറി പഞ്ചായത്ത് തല നേതൃസമിതി കൺവീനർ കെ.മുരളീധരക്കുറുപ്പ്, വാർഡ് അംഗം മേഴ്‌സി, ലൈബ്രറി സെക്രട്ടറി ഗിരീഷ് കുമാർ നടയ്ക്കൽ, ഓണാഘോഷകമ്മിറ്റി കൺവീനർ ആർ.യു.രഞ്ജിത്ത്, രതീഷ് എന്നിവർ സംസാരിച്ചു.

എൻ.എൻ പിള്ളയുടെ കുടുംബയോഗം എന്ന ഏകപാത്ര നാടകം അജയൻ ദൃശ്യ അവതരിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ഉൾപ്പെടുത്തി ഓണനിലാവ് എന്ന മെഗാഷോയും അരങ്ങേറി.