കൊല്ലം: വേദിയിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് ജനപ്രിയ കോമഡി താരങ്ങളായ അനീഷ് സാരഥിയും അശ്വതിയും നയിച്ച 'പാൻ ഇന്ത്യൻ മെഗാ ഇവന്റ്'. കൊല്ലം ബീച്ചിലെ കോർപ്പറേഷന്റെ മഹാത്മാ ഗാന്ധി പാർക്കിൽ ആരംഭിച്ച ദേവ് ജോയ് ലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ ഇവന്റാണ് കാണികൾക്ക് പുത്തൻ ആവേശം പകർന്നത്.
നാലാം ഓണമായ ഇന്നലെ അനീഷ് സാരഥി, അശ്വതി (സുനിയും ചന്ദ്രിയും) തുടങ്ങി നിരവധി താരങ്ങളെ അണിനിരത്തി തിരുവന്തപുരം മാഗ്നസ് അവതരിപ്പിച്ച പരിപാടിയാണ് വേദിയെ ചിരിയിൽ ആറാടിച്ചത്. സമകാലിക വിഷയങ്ങൾ ആക്ഷേപഹാസ്യം കൂടി ഇടകലർത്തിയായിരുന്നു അവതരണം. പരിപാടി കാണാൻ ജനസാഗരമാണ് പാർക്കിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വേദിയിലേക്ക് ഒഴുകിയെത്തിയത്.
കുടുംബസമേതം എത്തിയവരായിരുന്നു ആസ്വാദകരിലേറെയും. സ്കിറ്റിന് ഇടയ്ക്ക് മറ്റ് കലാപരിപാടികളും അരങ്ങേറി. എൽ.ഇ.ഡി വാളിന്റെ ദൃശ്യമികവായിരുന്നു പരിപാടിയുടെ മറ്റൊരാകർഷണം. ഇന്ന് വൈകിട്ട് 4.30ന് രഞ്ജു ചാലക്കുടി, ദീപു നാവായിക്കുളം, നാൻസി എന്നിവർ നയിക്കുന്ന മെഗാ ഷോ അരങ്ങേറും.