കൊല്ലം: വിശ്വകർമ്മ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്ത് മഹാഘോഷയാത്രടെ വിശ്വകർമ്മ ദിനം വിപുലമായി ആഘോഷിച്ചു. അഖില കേരള വിശ്വകർമ്മ മഹാസഭ, വിശ്വകർമ്മ സർവീസ് സൊസൈറ്റി, കേരള വിശ്വകർമ്മ സഭ, വിശ്വകർമ്മ വേദപഠന ധാർമ്മിക സംഘം, അഖില ഭാരത വിശ്വകർമ്മ മഹാസഭ, വിശ്വകർമ്മ വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകൾ ചേർന്നാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ആരംഭിച്ച മഹാശോഭാ യാത്ര താലൂക്ക് കച്ചേരി ജംഗ്ഷൻ, ചാമക്കട, മെയിൻ റോഡ് വഴി ചിന്നക്കട ബസ് വേയിൽ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം ‌ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

വിശ്വകർമ്മ ഏകോപന സമിതി ചെയർമാൻ ടി.എസ്.ഹരിശങ്കർ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയായി. എ.കെ.വി.എം.എസ് പ്രസിഡന്റ് ആറ്റൂർ ശരത്ത്ചന്ദ്രൻ അനുഗ്രഹ പ്രഭാഷണവും കെ.വി.എസ് സംസ്ഥാന അദ്ധ്യക്ഷൻ ദിനേശ് വർക്കല വിശ്വകർമ്മ ദിന സന്ദേശവും നടത്തി. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, വിശ്വകർമ്മ ഏകോപനസമിതി ജനറൽ കൺവീനർ വടക്കേവിള ശിവരാജൻ,വിശ്വകർമ്മ വേദപഠന ധാർമ്മിക സംഘം അദ്ധ്യക്ഷൻ പി.വിജയ ബാബു എന്നിവർ സംസാരിച്ചു.