കൊല്ലം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നൽകിയ സാമഗ്രികൾക്കുള്ള പണം ലഭിക്കാതെ സ്ഥാപനങ്ങളും കരാറുകാരും പ്രതിസന്ധിയിൽ. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി പത്ത് കോടി രൂപയാണ് കുടിശ്ശികയുള്ളത്.
പഞ്ചായത്ത് അടിസ്ഥാനത്തിലാണ് വിവിധ കരാറുകാരും സ്ഥാപനങ്ങളും സാമഗ്രികളുടെ വിതരണം ഏറ്റെടുത്തിട്ടുള്ളത്. ചില സ്ഥാപനങ്ങൾക്ക് കുടിശ്ശികയിൽ ചെറിയൊരു ഭാഗം കിട്ടിയിട്ടുണ്ട്. എന്നാൽ ഒരു വർഷത്തോളമായിട്ടും ഒരു രൂപ പോലും കിട്ടാത്ത കരാറുകാരുമുണ്ട്. സാമഗ്രികൾക്കുള്ള പണത്തിന്റെ 75 ശതമാനം കേന്ദ്ര സർക്കാരും ബാക്കി സംസ്ഥാന സർക്കാരുമാണ് നൽകുന്നത്.
കേന്ദ്ര വിഹിതം കിട്ടുന്നില്ല
കേന്ദ്ര സർക്കാരിന്റെ വിഹിതം സമയബന്ധിതമായി ലഭിക്കുന്നില്ല
ഇതോടെ വൻ തുക കുടിശ്ശിക
നിർമ്മാണ പ്രവൃത്തികൾ 3 മീറ്ററിൽ കുറവുള്ള ഗ്രാമീണ റോഡുകളിൽ
സ്കൂളുകളുടെ ചുറ്റുമതിൽ, പാചകപ്പുര
ജലാശയങ്ങളുടെ പാർശ്വഭിത്തി
കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്
അങ്കണവാടി കെട്ടിടം
ടെണ്ടർ ബ്ലോക്ക് തലത്തിൽ
സാമഗ്രികൾ വിതരണം ചെയ്യാനുള്ള ടെണ്ടർ പഞ്ചായത്ത് തലത്തിൽ നിന്ന് ബ്ലോക്ക് തലത്തിലാക്കിയതിൽ വ്യാപക ആശങ്കയുണ്ട്. അഞ്ച് മുതൽ എട്ട് വരെ പഞ്ചായത്തുകളിലെ പദ്ധതി നടത്തിപ്പിന് ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്യാൻ ശേഷിയുള്ള സ്ഥാപനങ്ങൾക്കും കരാറുകാർക്കുമേ ടെണ്ടറിൽ പങ്കെടുക്കാൻ കഴിയൂ. കരാറെടുക്കാൻ ആളില്ലാതെ നിർമ്മാണ പ്രവൃത്തികൾ മുടങ്ങി തൊഴിൽദിനങ്ങൾ നഷ്ടമാകുമോയെന്നാണ് പ്രധാന ആശങ്ക.
35 ലക്ഷം തൊഴിൽ ദിനം പിന്നിട്ടു
ജില്ലയിൽ ഈ സാമ്പത്തികവർഷം ഇതുവരെ 35 ലക്ഷം തൊഴിൽ ദിനങ്ങൾ നൽകി. 60 ലക്ഷമാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളതെങ്കിൽ ഒരു കോടിക്ക് മുകളിൽ തൊഴിൽ ദിനങ്ങൾ നൽകാനുള്ള ശ്രമമുണ്ട്. കഴിഞ്ഞ വർഷം ഒരുകോടിയോളം തൊഴിൽ ദിനങ്ങൾ നൽകിയിരുന്നു.
പാർട്ട് ബില്ലുകളായി കുടിശ്ശിക നൽകിവരികയാണ്. ഘട്ടം ഘട്ടമായി വൈകാതെ കുടിശ്ശിക തീർക്കും.
തൊഴിലുറപ്പ് പദ്ധതി ജില്ലാ ആധികൃതർ