കൊല്ലം: സമ്പൂർണ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പത്രാധിപർ കെ.സുകുമാരൻ പോരാടിയതെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു. കേരളകൗമുദി കൊല്ലം യൂണിറ്റ് സംഘടിപ്പിച്ച പത്രാധിപർ അനുസ്മരണത്തിന്റെ ഉദ്ഘാടനവും കേരളകൗമുദിയിലെ മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ സ്മാരക അവാർഡും സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

തൊട്ടുകൂടായ്മക്കും ജാതി വിവേചനത്തിനുമെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും നാട് രക്ഷപെടില്ലെന്ന കൃത്യമായ ധാരണ പത്രാധിപർക്കുണ്ടായിരുന്നു. സമ്പൂർണ സ്വാതന്ത്ര്യമെന്നാൽ വിവേചനങ്ങളില്ലാത്ത സാമൂഹ്യ സ്വാതന്ത്ര്യമാണ്. അത് ഇനിയും യാഥാർത്ഥ്യമായിട്ടില്ല. ഇപ്പോഴും ഭരണസിരാകേന്ദ്രങ്ങളിലടക്കം ജാതിയുണ്ട്. എല്ലാം ഒന്നാണെന്ന ഗുരുദർശനമായിരുന്നു പത്രാധിപരെ നയിച്ചത്. പിന്നാക്ക വിഭാഗങ്ങളുടെ ശക്തിയാണ് കേരളകൗമുദി. പിന്നാക്കക്കാർക്ക് വേണ്ടി ശബ്ദമുയർത്തുന്നത് കേരളകൗമുദി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം യൂണിറ്റിലെ മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ സ്മാരക അവാർഡ് ഓച്ചിറ ലേഖകൻ ശ്രീനാഥ് ഡി. ഓച്ചിറയ്ക്ക് ഡോ. ജി.ജയദേവൻ സമ്മാനിച്ചു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. പത്രാധിപരുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടന്നു. ശ്രീനാഥ് ഡി.ഓച്ചിറ മറുപടി പ്രസംഗം നടത്തി. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ നന്ദിയും പറഞ്ഞു.

കേരളകൗമുദിയുടെ ചരിത്രം

കേരളചരിത്രം: പി.സുന്ദരൻ

കേരളത്തിന്റെ ചരിത്രം കേരളകൗമുദിയുടെ ചരിത്രം കൂടിയാണെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. കേരളകൗമുദി ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ സാമൂഹ്യപശ്ചാത്തലം ഇന്ന് കാണുന്ന തരത്തിലാകുമായിരുന്നില്ല. സാമുദായിക സംവരണം സംരക്ഷിക്കാൻ പത്രാധിപർ തുടക്കമിട്ട പോരാട്ടം കേരളകൗമുദി ഇപ്പോഴും തുടരുന്നു. സാമുദായിക സംവരണം അട്ടിമറിക്കാൻ ഇ.എം.എസിന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളെ മുളിയിലേ നുള്ളിയത് കുളത്തൂർ പ്രസംഗത്തിലൂടെ പത്രാധിപർ കെ.സുകുമാരനാണെന്നും അദ്ദേഹം പറഞ്ഞു.

പത്രാധിപർ പിന്നാക്കക്കാരുടെ

പോരാട്ടനായകൻ: എൻ.രാജേന്ദ്രൻ

പിന്നാക്ക ജനതയുടെ പോരാട്ട നായകനായിരുന്നു പത്രാധിപർ കെ.സുകുമാരനെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ പറഞ്ഞു. പത്രാധിപരുടെ പാരമ്പര്യം കേരളകൗമുദിയെ നയിക്കുന്ന പുതുതലമുറയും ശക്തമായി പിന്തുടരുന്നു. സാമുദായിക സംവരണം നിലനിറുത്താൻ ഇപ്പോഴും പോരാടുന്നത് കേരളകൗമുദി മാത്രമാണ്. ഈ പോരാട്ടത്തിന് ശക്തിപകരാൻ കൂടുതൽ പിന്നാക്കക്കാർ കേരളകൗമുദിയുടെ വരിക്കാരായി മാറണം. അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അത് പിടിച്ചുവാങ്ങാൻ വേണ്ടി മാത്രമാണ് നമ്മൾ ജാതി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.