jh
അയത്തിൽ ബൈപാസ് ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയായി കിടക്കുന്ന മേൽപ്പാലവും അടിപ്പാതയും

കൊട്ടിയം: നിർമ്മാണം പൂർത്തിയായ അടിപ്പാതകൾ തുറന്ന് കൊടുക്കാത്തതിനാൽ ബുദ്ധിമുട്ടിലായി യാത്രക്കാർ. നഗരപരിധിയിൽ അയത്തിൽ, ഉമയനല്ലൂർ എന്നിവിടങ്ങളിൽ പൂർത്തിയായ മേൽപ്പാലങ്ങൾക്കടിയിലൂടെയാണ് വാഹനങ്ങൾ കടത്തിവിടാത്തത്.

ഇതുകൊണ്ട് വാഹനങ്ങൾ ഏറെ ദൂരം പോയി തിരിഞ്ഞുപോരേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. സ്വകാര്യ ബസുകൾക്ക് അടക്കം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. അനുവദിച്ച സമയത്ത് ബസുകൾക്ക് ഓടിയെത്താനും കഴിയുന്നില്ല. കല്ലുംതാഴത്തെ പാലം നിർമ്മാണം പൂർത്തിയായപ്പോൾ പാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങിയിരുന്നു. എന്നാൽ ഇതിന് ഏറെ അകലെ അല്ലാതെ അയത്തിലിലെ അടിപ്പാത തുറക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പരാതി .

ചുറ്റിക്കറക്കി അധികൃതർ

അയത്തിലിലെ മേൽപ്പാലം തുറക്കാത്തതിനാൽ സംസ്ഥാന ഹൈവേയിൽ കണ്ണനല്ലൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബൈപ്പാസിന്റെ സർവീസ് റോഡിലൂടെ ഏറെ ദൂരം തെക്കോട്ട് പോയി പെട്രോൾ പമ്പിനടുത്ത് നിന്ന് തിരിഞ്ഞുവരേണ്ട സ്ഥിതിയാണുള്ളത്. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡും ദേശീയപാത കരാർ കമ്പനി നിയമിച്ചിട്ടുള്ള മൂന്നുപേരും പൊലീസും ഉണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. പാലത്തിനടിയിൽ റോഡ് അടച്ചുവച്ച ശേഷം ഗതാഗതം നിയന്ത്രിക്കാനെത്തുന്നവർ വിശ്രമിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

നിവേദനം നൽകി

പാലത്തിനടിയിലൂടെ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി നേതാവ് അയത്തിൽ നിസാം കരാർ കമ്പനി അധികൃതർക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി. കല്ലുംതാഴത്ത് മേൽപ്പാലത്തിന്റെ പണി പൂർത്തിയായപ്പോൾ കൊല്ലം- ചെങ്കോട്ട റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടത് പോലെ ഇവിടെയും വാഹനങ്ങൾ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാരും രംഗത്ത് വന്നിട്ടുണ്ട്.

അടിപ്പാത തുറക്കാത്തത് വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർക്ക് ഉണ്ടാക്കുന്നത്. പാലത്തിനടിയിലൂടെയുള്ള വാഹനങ്ങൾ കടത്തിവിട്ടില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കും.

അയത്തിൽ നിസാം , ഐ.എൻ.ടി.യു.സി നേതാവ്